27-03-2016
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപണി പൂര്‍ത്തിയായാലും ഇനി വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയേക്കില്ല. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ റണ്‍വേ നീളം കൂട്ടണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം.
നിലവില്‍ 9377 അടിയാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം. ഇത് 13000 അടിയാക്കിയാലേ വലിയ വിമാനങ്ങള്‍ ഇനിമുതല്‍ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കൂ എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. റണ്‍വേ നീളം കൂട്ടണണമെന്ന് നിര്‍ദ്ദേശിച്ച് വ്യോമയാന മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് ഒരു വര്‍ഷം മുന്‍പ് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. റണ്‍വേ വികസനത്തിന് 248.3 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന് പണം ബജറ്റില്‍ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. ഇതോടെ റണ്‍വേ വികസനം അനിശ്ചിതത്ത്വത്തിലാവുകയും ചെയ്തു.
ടേബിള്‍ ടോപ്പ് മാതൃകയിലുള്ള കരിപ്പൂരില്‍ സുരക്ഷ പ്രശ്‌നങ്ങളുടെ പേരിലാണ് വ്യോമയാന മന്ത്രാലയം ഇപ്പോള്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നത്. നിലവില്‍ നടന്നു വരുന്ന റണ്‍വേ അറ്റകുറ്റപണി അടുത്ത വര്‍ഷം ഫെബ്രുവരിയോടെ പൂര്‍ത്തിയാവും. ഇപ്പോഴത്തെ റണ്‍വേയില്‍ നേരത്തെ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഇനി വലിയ വിമാനങ്ങളള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ ഹജ്ജ് സര്‍വ്വീസുകള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാവും.