തൃശൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച നടന് കലാഭവന്‍ മണിക്കു ഗുരുതര കരള്‍രോഗമായിരുന്നെന്നും വിഷം ഉള്ളില്‍ ചെന്നതല്ല മരണകാരണമെന്നും പോസ്റ്റ്മോര്ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മദ്യപാനം കൊണ്ട് ഉണ്ടായേക്കാവുന്ന തരത്തില്‍ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തകരാറിലായിരുന്നു. മരണത്തിനിടയാക്കുന്നവിധം ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നില്ലെന്നാണു പോസ്റ്റ്മോര്ട്ടത്തിലെ നിഗമനം.
ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചശേഷമേ മരണകാരണം അന്തിമമായി സ്ഥിരീകരിക്കാനാവൂ. ശരീരത്തില്‍ കണ്ടെത്തിയ മറ്റു രാസവസ്തുക്കള്‍ മരുന്നുകള്‍ കൂടുതലായി ഉപയോഗിച്ചതു മൂലമാകാമെന്നാണ് അനുമാനം.
വ്യാജമദ്യത്തില്‍ കാണുന്ന മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം മണിയുടെ ശരീരത്തിലുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിച്ച കൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതിനേത്തുടര്ന്നാണ് മരണത്തില്‍ ദുരൂഹതയേറുകയയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയക്കുകയും ചെയ്തത്. ചാലക്കുടി പോലീസ് അസ്വാഭാവികമരണത്തിന് കേസുമെടുത്തിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ എട്ടിനു വിശദമായ ഇന്‍ക്വസ്റ്റ് നടത്തി. രാവിലെ ഒമ്പതേകാലോടെ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം പതിനൊന്നേകാലോടെ പൂര്‍ത്തിയാക്കി. ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. ഷെയ്ഖ് ഹുസൈന്, ഡോ. ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് മോര്‍ട്ടം ശനിയാഴ്ച വൈകിട്ടായിരുന്നു മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചാലക്കുടിയിലെ പാഡി എന്ന താല്‍ക്കാലിക വസതിയില്‍ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് മണിയോടൊപ്പമുണ്ടായിരുന്നു എന്നു കരുതുന്ന നടന് ജാഫര്‍ ഇടുക്കി അടക്കമുള്ള അഞ്ചുപേരെ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ചാലക്കുടി ഡിവൈ.എസ്.പി: കെ.എസ്. സുദര്‍ശനനാണ് മണിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ വിളിച്ചുവരുത്തിയത്.
സംഭവസമയത്ത് വാറ്റുചാരായം ഉപയോഗിച്ചിരുന്നുവോ എന്നും പരിശോധിക്കുന്നുണ്ട്. സ്ഥലം സീല്‍ ചെയ്തു സന്ദര്‍ശകരെ വിലക്കി. വീട് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധിച്ചു. ഔട്ട് ഹൗസ് ജീവനക്കാരനെയും ചോദ്യംചെയ്തു. എന്നാല്‍ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതിനിടെ, മണി ആത്മഹത്യ ചെയ്തുവെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണമുണ്ടായിട്ടുണ്ട്. മെഥനോള്‍ എങ്ങനെ ശരീരത്തില്‍ കലര്ന്നുവെന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.