കളിക്കിടെ തര്‍ക്കം; ബാറ്റ്‌മാന്‍ കീപ്പറെ സ്‌റ്റമ്പിനടിച്ചു കൊന്നു

10:15am 13/5/2016
cricket-stumps-8425562

ധാക്ക: പ്രാദേശിക ക്രിക്കറ്റ്‌ കളിക്കിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ ബാറ്റ്‌സ്മാന്‍ സ്‌റ്റമ്പ്‌ ഊരി വിക്കറ്റ്‌ കീപ്പറെ അടിച്ചു കൊന്നു. ധാക്കയില്‍ ബുധനാഴ്‌ച ഉണ്ടായ സംഭവത്തില്‍ ബാബുലാല്‍ ശിക്‌ദര്‍ എന്ന 16 കാരനാണ്‌ മരണമടഞ്ഞത്‌. വിക്കറ്റ്‌ കീപ്പറായിരുന്ന ഇയാളെ ബാറ്റ്‌സ്മാന്‍ സ്‌റ്റമ്പിന്‌ അടിക്കുകയായിരുന്നു.
കളിക്കിടെ ബാറ്റ്‌സ്മാന്‍ പുറത്തായ പന്ത്‌ അമ്പയര്‍ നോബോള്‍ വിളിച്ചു. ഇതിനെതിരേ ശിക്‌ദര്‍ പ്രതികരിച്ചു. തൊട്ടു മുമ്പത്തെ പന്തിലും ബാറ്റ്‌സ്മാന്‌ അനുകൂലമായി തീരുമാനം എടുത്ത അമ്പയര്‍ ബാറ്റ്‌സ്മാന്‌ വീണ്ടും വീണ്ടും അവസരം നല്‍കാനായി ഒത്തുകളിക്കുകയാണെന്ന്‌ ശിക്‌ദര്‍ ആരോപിച്ചു. പ്രകോപിതനായ ബാറ്റ്‌സ്മാന്‍ സ്‌റ്റമ്പ്‌ ഊരിയെടുക്കുകയും ശിക്‌ദറിന്റെ തലയ്‌ക്ക് പിന്നില്‍ അടിക്കുകയുമായുരുന്നു. അടിയേറ്റ്‌ കുഴഞ്ഞുവീണ ശിക്‌ദര്‍ ആശുപത്രിയിലേക്ക്‌ കൊണ്ടു പോകുന്നതിനിടയില്‍ മരിച്ചു.
പിന്നാലെ സ്‌ഥലത്തു നിന്നും മുങ്ങിയ പ്രതിയ്‌ക്കായി പോലീസ്‌ തെരച്ചില്‍ നടത്തുകയാണ്‌. ബംഗ്‌ളാദേശില്‍ ഏറ്റവും പ്രചാരമുള്ള കായിക ഇനങ്ങളില്‍ ഒന്നാണ്‌ ക്രിക്കറ്റ്‌. ആയിരക്കണക്കിന്‌ ആള്‍ക്കാര്‍ കളിക്കുന്ന ബംഗ്‌ളാദേശില്‍ കളിക്കിടെയുള്ള തര്‍ക്കങ്ങളും അക്രമങ്ങളും പതിവ്‌ സംഭവമായി മാറിയിട്ടുണ്ടെന്ന്‌ പോലീസ്‌ പറയുന്നു. അതേസമയം ഒരാള്‍ കൊല്ലപ്പെടുന്നത്‌ ഇതാദ്യമാണ്‌.