കശ്മീരില്‍ ഉളള പോലീസുകാര്‍ ഐ.എസ്.ഐ ഏജന്റുമാരാണ് ബി.ജെ.പി എം.എല്‍.എ

01:50pm 26/2/2016
1456464628_1456464628_raina

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പോലീസുകാരില്‍ ചിലര്‍ പാകിസ്താന്റെയും പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെയും ഏജന്റുമാരാണെന്ന് ബി.ജെ.പി എം.എല്‍.എ. ഇവര്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സെയ്ദില്‍ നിന്നും ലഷ്‌കറെ തോയിബയില്‍ നിന്നും ജെയ്ഷെ മുഹമ്മദില്‍ നിന്നും പണം സ്വീകരിച്ചിട്ടുണ്ടെന്നും നൗഷെറ എം.എല്‍.എ രവീന്ദ്ര റെയ്ന ആരോപിക്കുന്നു.
പോലീസില്‍ പാകിസ്താന്റെ സ്വാധീനമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്, ഐ.എസ്.ഐ, തീവ്രവാദികള്‍, ഹാഫീസ് സെയ്ദ്, ലഷ്‌കറെ തോയിബ, ജെയ്ഷെ മുഹമ്മദ് എന്നിവരില്‍ നിന്ന് ഇവര്‍ പണം സ്വീകരിച്ച് നൗഷെറ, സുന്ദര്‍ബനി, റജൗരി- പൂഞ്ച് എന്നിവിടങ്ങളില്‍ അനുകൂല സാഹചര്യം ഒരുക്കിനല്‍കുന്നുണ്ടെന്നാണ് ആരോപണം. റെയ്നയുടെ പരാമര്‍ശത്തിന്റെ വീഡിയോ ദൃശ്യം ലങ്കാട്ടെയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ അബ്ദുള്‍ റഷീദ് ആണ് പുറത്തുവിട്ടത്.
തന്നെ വധിക്കുമെന്ന് റെയ്ന ഭീഷണിപ്പെടുത്തുന്ന ദൃശ്യവും റഷീദ് പുറത്തുവിട്ടിട്ടുണ്ട്. റെയ്നയുടെ ആരോപണം ഗൗരവമുള്ളതാണെന്നും പോലീസിന്റെ തലപ്പത്തുള്ളവര്‍ ഇതിനു മറുപടി പറയണമെന്നും റഷീദ് ആവശ്യപ്പെട്ടു.