ന്യൂഡല്‍ഹി: ജയിലിലെ കസ്റ്റഡിയില്‍ മകന്‍ മരിച്ചാല്‍ ആര് ഉത്തരം പറയുമെന്ന് കനയ്യകുമാറിന്റെ മാതാവ് മീനാദേവി. താന്‍ ദേശവിരുദ്ധന്റെ അമ്മയല്ല. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടതിന് ശേഷം അവന്‍ കുറ്റക്കാരനല്ലെന്ന് തെളിയുന്നതുകൊണ്ട് എന്ത് പ്രയോജനമാണുണ്ടാവുക? മകന്‍ രാജ്യദ്രോഹിയാണെന്ന് മുദ്രകുത്തി കനയ്യക്കെതിരെ അദ്ഭുതപ്പെടുത്തുന്ന വേഗത്തില്‍ നടപടികളെടുത്ത പൊലീസിന് അവനെ ആക്രമിച്ചവരെ അറസ്റ്റ് കഴിയാത്തതെന്തുകൊണ്ടാണ്? കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മീനാദേവിയുടെ ചോദ്യങ്ങള്‍.
മാസം 3,500 രൂപ വരുമാനമുള്ള അംഗന്‍വാടി ജീവനക്കാരിയാണ് മീനാദേവി. പക്ഷാഘാതം ബാധിച്ച് വര്‍ഷങ്ങളായി കിടപ്പിലാണ് കനയ്യയുടെ അച്ഛന്‍.
അതേസമയം, കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സുരക്ഷ ശക്തമാക്കി. മക്‌സാസ്പൂര്‍ ടോലയിലെ വീടിന്റെയും ബന്ധുക്കളുടെയും സുരക്ഷക്കായി അഞ്ച് പൊലീസുകാരെയും ഒരു ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്. ‘ദേശവിരുദ്ധ’ മുദ്രാവാക്യം മുഴക്കിയ കനയ്യക്കും മറ്റ് വിദ്യാര്‍ഥികള്‍ക്കുമെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബെഗുസാരായിയിലെ ബി.ജെ.പി, എ.ബി.വി.പി പ്രവര്‍ത്തകരും രംഗത്തത്തെിയതോടെയാണ് സുരക്ഷ ശക്തമാക്കിയത്.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണത്തോടനുബന്ധിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്.