യോൻഡെ: മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 53 പേർ മരിച്ചു. 300 പേർക്ക് പരിക്കേറ്റു. രാജ്യത്തെ വലിയ നഗരങ്ങളായ യോൻഡെക്കും ഡൗളക്കും ഇടയിൽ സർവീസ് തടത്തുന്നതിനിടെയായിരുന്നു അപകടം.
എസേക്കക്ക് സമീപത്തു വെച്ചാണ് ട്രെയിൻ പാളം തെറ്റി കീഴ്മേൽ മറിഞ്ഞത്. 600 പേർ യാത്ര ചെയ്യേണ്ട ട്രെയിനിൽ അപകട സമയത്ത് 1300ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി ദ് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.
കനത്ത മഴയും മണ്ണിടിച്ചിലും കാരണം കാമറൂണിലെ റോഡുകളിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേതുടർന്ന് യാത്രക്കാർക്കായി എട്ട് ബോഗികൾ അധികമായി ട്രെയിനിൽ ഘടിപ്പിച്ചിരുന്നു. ഇതാണ് യാത്രക്കാരുടെ തിരക്ക് വർധിക്കാൻ കാരണമായതെന്നാണ് വിവരം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി എഡ്ഗാർഡ് അലെൻ മെബേൻഗോ അറിയിച്ചു.