09:42 AM 02/11/2016
കാഞ്ഞങ്ങാട്: കുവൈത്തില്‍ യുവതി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകര കെ.വി കുഞ്ഞിക്കൃഷ്ണന് ജാനകി ദമ്പതികളുടെ മകള്‍ സുഷമ (25) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഹൊസ്ദുര്‍ഗ് കുശാല്‍നഗറിലെ സത്യപ്രകാശ് എന്ന പ്രകാശ് കൃഷ്ണയെയാണ് പോലീസ് പിടികൂടിയത്. 2013 സെപ്തംബര്‍ 24ന് രാവിലെ 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. കുവൈത്ത് ഫര്‍വാനക്കടുത്തുള്ള കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്ന് ചാടിയാണ് സുഷമ ആത്മഹത്യ ചെയ്തത്. സുഷമയുടെ മരണത്തിനു ശേഷം ഗള്‍ഫിലേക്ക് തിരിച്ച് പോയ സത്യപ്രകാശിനെ കണ്ടത്തൊന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ മംഗളൂരുവിമാനത്താവളത്തിലെത്തിയ സത്യപ്രകാശിനെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെക്കുകയും ഹൊസ്ദുര്‍ഗ് പൊലീസിന് കൈമാറുകയുമായിരുന്നു. 2002 ജുലൈ 24 ന് കാഞ്ഞങ്ങാട് രാജരാജേശ്വരി സിദ്ധി വിനായക ഗണേശ മന്ദിരത്തില്‍ വെച്ചാണ് സത്യപ്രകാശും സുഷമയും തമ്മിലുള്ള വിവാഹം നടന്നത്. കുവൈത്തില്‍ ഫര്‍ണിച്ചര്‍ കടയില്‍ ജീവനക്കാരനായിരുന്ന സത്യപ്രകാശ് വിവാഹത്തിനു ശേഷം സുഷമയെ കുവൈത്തിലേക്ക് കൊണ്ടുപോയി. കുവൈത്ത് ഗവണ്മെന്്റിന്്റെ കീഴിലുള്ള പൈപ്പ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഓയില്‍ സര്‍വീസ് എന്ന കമ്പനിയില്‍ സുഷമ ജോലി നേടുകയും ചെയ്തു. തുടര്‍ന്ന് ഏഴുവര്‍ഷത്തോളം ഭര്‍ത്താവിനോടൊപ്പം കുവൈത്ത് ഫര്‍വാനയിലെ ബ്ളോക്ക് അഞ്ചിലുള്ള ഫ്ളാറ്റ് സമുച്ചയത്തില്‍ മൂന്നാം നിലയിലെ 31ാം നമ്പര്‍ മുറിയില്‍ താമസിച്ച് വരികയായിരുന്നു.
സത്യപ്രകാശിന്്റെ പീഡനം മൂലമാണ് സുഷമ ആത്മഹത്യ ചെയ്തത്. പതിവായി മദ്യപിച്ചത്തെുന്ന സത്യപ്രകാശ് സുഷമയെ പീഡിപ്പിക്കുകയും സുഷമയുടെ ശമ്പളം മുഴുവന്‍ ധൂര്‍ത്തടിക്കുകയും ചെയ്തതായി കാണിച്ച് സുഷമയുടെ പിതാവ് കെ വി കുഞ്ഞിക്കൃഷ്ണന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സുഷമയുടെ സഹോദരിയും സഹോദരനും കുവൈത്തില്‍ ജോലിക്കാരായിരുന്നു. ഇവരുമായി ബന്ധപ്പെടാനോ അടുപ്പം പുലര്‍ത്താനോ സത്യപ്രകാശ് സമ്മതിച്ചിരുന്നില്ലെന്നും പരാതിലുണ്ടായിരുന്നു. സുഷമയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഭര്‍ത്താവ് സത്യപ്രകാശും അനുഗമിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെങ്കിലും യുവാവ് ഹാജരാവാതെ മുങ്ങുകയായിരുന്നു. ഇതോടെ പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും സത്യപ്രകാശിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത സത്യപ്രകാശിനെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴചത്തേക്ക് റിമാന്റ് ചെയ്തു.