കൊച്ചി: എറണാകുളം സൗത്ത് റെയില്‍വ്വേ മേല്‍പാലത്തിനടുത്ത് കെട്ടിടം പൊളിക്കുന്നതിനിടെ തീ പടര്‍ന്നത് ആശങ്ക ഉയര്‍ത്തി. മേല്‍പ്പാലത്തിന്റെ സര്‍വ്വീസ് റോഡിന് ചേര്‍ന്നുള്ള പോത്തന്‍സ് ബില്‍ഡിങ്ങ് പൊളിക്കുന്നതിനിടെയാണ് അപകടം. അപകടമുണ്ടായ കെട്ടിടത്തിനോട് ചേര്‍ന്നുണ്ടായ ഹോട്ടലിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഹോട്ടല്‍ ഇന്നലെ അവധിആയിരുന്നുവെങ്കിലും ഇവിടത്തെ ഗ്യാസ്‌കുറ്റികള്‍ തീ പിടിച്ച കെട്ടിടത്തിനോട് ചേര്‍ന്നാണ് സൂക്ഷിച്ചിരുന്നത്.
കൊച്ചി മെട്രോക്കായിട്ടാണ് പോത്തന്‍സ് ബില്‍ഡിങ്ങിന്റെ റോഡിനോട് ചേര്‍ന്നുള്ള ഭാഗം പൊളിച്ചു നീക്കുന്നത്. കെട്ടിടത്തിന്റെ കമ്പികള്‍ വെല്‍ഡ് ചെയ്യുന്നതിനിടെ വൈകീട്ടോടെയാണ് അപകടമുണ്ടായത്. പൊളിച്ചു മാറ്റുന്ന മുറിയോട് ചേര്‍ന്നുതന്നെയുള്ള ചെറിയ ഗോഡൗണില്‍ നിന്നും പുക ഉയരുന്നതുകണ്ട് സമീപ വാസികളും മറ്റ് കടക്കാരും ഓടിക്കൂടുകയായിരുന്നു. ഉടന്‍തന്നെ കടവന്ത്ര ഫയര്‍ സ്‌റ്റേഷനില്‍ നിന്നും ഒരു ഫയര്‍ യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കി. ഗ്യാസ് വെല്‍ഡിങ്ങിനിടെ ഗോഡൗണിന്റെ മുകളിലെ ഷീറ്റുകളിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പഴയ കസേരകളും മേശകളുമെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചു. ഇലക്ട്രിക്കല്‍ വയറിങ്ങുകള്‍ക്കും തീപിടിച്ചു. കെട്ടിടം പൊളിക്കാന്‍ തുടങ്ങിയ ശേഷം ഇവിടെ തീ പിടുത്തം പലപ്പോഴായി ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.