തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷാ മാര്‍ച്ച് 9 ന് ആരംഭിക്കും. ഈ മാസം 23 വരെയാണ് പരീക്ഷ. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയ അറിയിച്ചു.
സംസ്ഥാനത്ത് ഇത്തവണ 4,74,286 കുട്ടികളാണ് പരീക്ഷ എഴൂതുന്നത്. 2,591 കുട്ടികള്‍ പ്രൈവറ്റ് സ്കീമിലും പരീക്ഷ എഴൂതുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴൂതുന്നത് മലപ്പുറം റവന്യൂ ജില്ലയിലാണ്. 83,315 പേര്. ഏറ്റവും കുറവ് പത്തനംതിട്ട റവന്യൂ ജില്ലയില്‍. 12,481 പേര്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. 28,052 പേര്. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍. 2,428 പേര്.
ഏറ്റവും കുറവ് കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്നത് ഇടുക്കി പെരിഞ്ഞാംകുടി ഗവ. ഹൈസ്കൂളും ബേപ്പൂര്‍ ജി.ആര്.എസ്.ടി.എച്ച്.എസുമാണ്. മൂന്നു കുട്ടികള്‍ വീതമാണ് ഇവിടെ പരീക്ഷ എഴൂതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് തിരുരങ്ങാടി എടരിക്കോട് പി.കെ.എം.എം. എച്ച്.എസിലാണ്. 2,347 കുട്ടികള്‍.
ഭിന്നശേഷിക്കാരായ 17,000 ഓളം കുട്ടികളും പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്. ഏപ്രില്‍ 25നകം ഫലം പ്രഖ്യാപിക്കും. മൂല്യനിര്‍ണയത്തിനായി 54 കേന്ദ്രങ്ങള്‍ നിശ്ചയിച്ചതായും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.