09:46am 3/6/2016
ന്യൂയോര്‍ക്ക്: നാല്‍പ്പത്തഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2016-ലെ പ്രവര്‍ത്തനോദ്ഘാടനം മെയ് 27-നു ഫ്ളോറല്‍പാര്‍ക്കിലുള്ള ടൈസന് സെന്ററില്‍ വച്ചു നടത്തപ്പെട്ടു. ലോംഗ്ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ഷിനോയ് ജോസഫ് ആയിരുന്നു മുഖ്യാതിഥി.
ഷാനാ ഏബ്രഹാം, അഞ്ജനാ മൂലയില്‍ എന്നിവര്‍ യഥാക്രമം അമേരിക്കന്‍ ദേശീയ ഗാനവും, ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. 2016-ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്സണ്‍ സരോജ വര്‍ഗീസ് കേരള സമാജത്തിന്റെ 2016-ലെ ഭാരവാഹികളെ സദസിന് പരിചയപ്പെടുത്തി. മുഖ്യാതിഥി റവ. ഷിനോയ് ജോസഫും ഭാരവാഹികളും ചേര്‍ന്നു നിലവിളക്ക് തെളിയിച്ചതോടെ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. സമാജം സെക്രട്ടറി ബേബി ജോസ് മുഖ്യാതിഥിക്കും നിറഞ്ഞ സദസിനും സ്വാഗതം ആശംസിച്ചു.
2016-ലെ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് നല്കിയ നല്കിയ സന്ദേശത്തില്‍. സമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും യോജിച്ചുള്ള പ്രവര്‍ത്തനം സമാജത്തെ വിജയസോപാനത്തിലേക്ക് നയിക്കുമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
44 വര്‍ഷം പിന്നിട്ട ഈ കലാ-സാംസ്കാരിക സംഘടനയുടെ വളര്‍ച്ചയ്ക്ക് നിദാനം പരസ്പര സ്നേഹവും, ഐക്യമത്യവും മാത്രമാണെന്നു മുഖ്യാതിഥി റവ. ഷിനോയ് ജോസഫ് ഉദ്ബോധിപ്പിച്ചു. അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്കും, നശ്വരതയില്‍ നിന്നും അനശ്വരതയിലേക്കും നയിക്കപ്പെടുമ്പോള്‍ സമാധാനം ഉണ്ടാകുമെന്ന ഭാരതീയ തത്വം അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
കേരള സമാജത്തിന്റെ മുന്‍ പ്രസിഡന്റും, നിലവില്‍ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. വിനോദ് കെയാര്‍കെ ഫൊക്കാനയെ പ്രതിനിധീകരിച്ച് സമാജത്തിന്റെ 2016-ലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഫോമയെ പ്രതിനിധീകരിച്ച സ്റ്റാന്‍ലി കളത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു.
അഞ്ജനാ മൂലയില്‍, ആഷ്കാ രാജേഷ് എന്നിവരുടെ നൃത്തം പരിപാടികളെ കൂടുതല്‍ ആകര്‍ഷകമാക്കി. ജോയിന്റ് സെക്രട്ടറി ഗീവര്‍ഗീസ് ജേക്കബ് സമാജത്തിനുവേണ്ടി നന്ദി പ്രകടനം നടത്തി. കള്‍ച്ചറല്‍ ചെയര്മാന് സജി ഏബ്രഹാം പരിപാടികള്‍ നിയന്ത്രിച്ചു. യുവതലമുറയെ പ്രതിനിധീകരിച്ച് എം.സിയായി പ്രവര്‍ത്തിച്ച സ്നേഹാ ഏബ്രഹാം ആദ്യാവസാനം പരിപാടികള്‍ മികവുറ്റതാക്കി. വിവിധ സംഘടനാ നേതാക്കളുടേയും കലാ-സാംസ്കാരിക-സാമുദായിക-രാഷ്ട്രീയ പ്രവര്‍ത്തകരുടേയും സാന്നിധ്യം സദസിനു കൂടുതല്‍ കരുത്തുപകര്‍ന്നു.
പരിപാടികള്‍ക്കു മുമ്പു നടന്ന ലഘുഭക്ഷണത്തിലും, പിന്നീട് നടന്ന അത്താഴവിരുന്നിലും ഏവരും സന്തോഷപൂര്‍വ്വം സംബന്ധിച്ചു.