മൂവാറ്റുപുഴ: നടന് ജയസൂര്യക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. എറണാകുളത്ത് കൊച്ചുകടവന്ത്രയിലെ ചിലവന്നൂര്‍ക്കായലില്‍ ചലച്ചിത്ര നടന് ജയസൂര്യ 3.7 സെന്റ് സ്ഥലം കൈയേറിയതായാണ് ആരോപണം. ജയസൂര്യക്കെതിരെ അന്വേഷണം ആരംഭിക്കാന്‍ എറണാകുളം വിജിലന്‍സ് ഡി.വൈ.എസ്.പിയോട് കോടതി ഉത്തരവിട്ടു.
പൊതുപ്രവര്‍ത്തകനായ കളമശ്ശേരി ഞാലകംകര പുന്നക്കാടന് വീട്ടില്‍ ഗിരീഷ് ബാബു നല്കിയ പരാതിയിലാണ് കേസ് എടുത്തത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപത്ത് ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചതിന് കോര്പ്പറേഷന് അധികൃതര്‍ ഒത്താശ ചെയ്തെന്നാണ് പരാതി. കണയന്നൂര്‍ താലൂക്ക് സര്‍വേയറാണ് ക്രമക്കേട് കണ്ടെത്തിയത്. കൊച്ചി കോര്പ്പറേഷന് സെക്രട്ടറി തൃശ്ശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന് റിപ്പോര്‍ട്ട് പരിഗണിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.