കൊച്ചി: മെട്രോ നിര്‍മാണത്തില്‍ സര്‍ക്കാരിന് ഇതുവരെ 500 കോടി രൂപയുടെ ലാഭമുണ്ടായെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി.).
കോച്ചുകള്‍ കുറഞ്ഞ വിലയ്ക്കു കിട്ടിയതും നിര്‍മാണകരാര്‍ തുക 25 ശതമാനം കുറഞ്ഞതും നേട്ടമായെന്നു കെ.എം.ആര്‍.എല്ലും ചൂണ്ടിക്കാട്ടുന്നു. ആലുവ മുതല്‍ പേട്ട വരെ കൊച്ചി മെട്രോ പദ്ധതിക്ക് 5,180 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ആലുവ മുതല്‍ മഹാരാജാസ് വരെ 18 കിലോമീറ്ററിന് 4,300 കോടി രൂപയാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇതുവരെയുളള നിര്‍മാണത്തിന് പ്രതീക്ഷിച്ചതിലും 500 കോടി രൂപ കുറവാണു ചെലവായതെന്നു ഡി.എം.ആര്‍.സി അറിയിച്ചു.
അല്‍സ്‌റ്റോമില്‍നിന്നു കുറഞ്ഞ വിലയ്ക്ക് കോച്ചുകള്‍ ലഭിച്ചത് നേട്ടമായി. കോച്ച് ഒന്നിന് 12 കോടി രൂപ ഹ്യൂണ്ടായി റോട്ടം കമ്പനി ആവശ്യപ്പെട്ടപ്പോള്‍ കൊച്ചി മെട്രോ കോച്ചുകളുടെ വില 8.4 കോടിയിലൊതുക്കാനായി. ഇതേ കോച്ചുകള്‍ ലക്‌നൗ മെട്രോയ്ക്ക് അല്‍സ്‌റ്റോം നല്‍കിയത് 10.8 കോടി രൂപയ്ക്കാണെന്ന് കെ.എം.ആര്‍.എല്‍ ചൂണ്ടിക്കാട്ടി. 2010ല്‍ ചെന്നൈ മെട്രോയ്ക്ക് കോച്ചുകള്‍ വാങ്ങിയത് ഇതിലും 38 ലക്ഷം രൂപ അധികം നല്‍കിയാണ്. വിശദമായ പദ്ധതി രേഖയില്‍ കോച്ചുകള്‍ വാങ്ങാനായി കണക്കാക്കിയിരുന്ന തുകയേക്കാള്‍ 233 കോടി രൂപ കുറവാണിതെന്നും കെ.എം.ആര്‍.എല്‍ വ്യക്തമാക്കുന്നു. എല്‍ ആന്‍ഡ് ടി ഉള്‍പ്പെടെയുളള വന്‍കിട കമ്പനികളില്‍നിന്നും കുറഞ്ഞ നിരക്കില്‍ നിര്‍മാണ കരാര്‍ കിട്ടിയതും നേട്ടമായി. ഇലക്ട്രിക്കല്‍ സിഗ്‌നലിങ് ജോലികളും കുറഞ്ഞ തുകയ്ക്ക് ചെയ്യാനായി.
വന്‍കിട പദ്ധതികള്‍ക്ക് വിചാരിച്ചതിലും അധികം തുക ചെലവാകുമ്പോള്‍ ഡി.എം.ആര്‍.സിക്കും മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും ഇത് വലിയ നേട്ടമാണ്. ഡി.എം.ആര്‍.സിയുടെ വിശ്വാസ്യതയും തുക പെട്ടെന്ന് കൈമാറുന്നതും ബില്ലുകളില്‍ കാലതാമസം കൂടാതെ മാറി നല്‍കുന്നതുമൊക്കെയാണ് ഇതിനു സഹായകമായതെന്നാണ് ഡി.എം.ആര്‍.സിയുടെ വിലയിരുത്തല്‍. പച്ചാളം മേല്‍പാലത്തിന്റെ നിര്‍മാണം 13.2 കോടി രൂപ കുറവില്‍ ഒരു വര്‍ഷം കൊണ്ട് ഡി.എം.ആര്‍.സി പൂര്‍ത്തിയാക്കിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.