08:40 AM 05/06/2016
സിയാറ്റ്: ശതാബ്ദി കോപ അമേരിക്ക ഫുട്ബാളിലെ ഗ്രൂപ്പ്-ബി മത്സരത്തില്‍ ഹെയ്തിക്കെതിരെ പെറുവിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു കോപയിലെ കന്നിക്കാരായ ഹെയ്തിയെ പരാജയപ്പെടുത്തിയത്.
61-ാം മിനിറ്റില്‍ ഫോർവേഡ് പൗലോ ഗ്വെരെരോയാണ് പെറുവിന്റെ വിജയ ഗോള്‍ നേടിയത്. നിരവധി അവസരങ്ങള്‍ കളഞ്ഞ ശേഷമാണ് ഒരു ഗോള്‍ നേടി പെറു ഗ്രൂപ്പ്-ബി ജേതാക്കളായത്. കോപ അമേരിക്കയിൽ പെറുവിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ (11 ഗോൾ) നേടിയ താരവുമായി പൗലോ ഗ്വെരെരോ.
മത്സരം അവസാനിക്കുന്നതിന് മുമ്പ് സമനില പിടിക്കാനുള്ള ഹെയ്തിയുടെ നീക്കം പാളുകയും ചെയ്തു. ജെഫ് ലൂയിസിന്റെ ക്രോസിന് ബെല്‍ഫോര്‍ട്ട് ഹെഡ് ചെയ്തെങ്കിലും പോസ്റ്റിന് ഏറെ മാറി പന്ത് പുറത്തേക്ക് പോയി.
മത്സരത്തിൽ പെറുവിന്റെ പകരക്കാരൻ വിക്ടർ യോഷിമാറും ഹെയ്തിയുടെ മാര്‍സെലിനും മഞ്ഞ കാർഡ് കണ്ടു. പന്ത് കൈ കൊണ്ട് തൊട്ടതിന് പെറു താരം ആല്‍ബര്‍ട്ടൊ റോഡ്രിഗസിനും മഞ്ഞ കാർഡ് കിട്ടി.