കോപ്പ അമേരിക്ക: ഉറുഗ്വേയുടെ ദേശീയ ഗാനം മാറിപ്പോയി

04:00pm 6/6/2016

ഗ്ലെന്‍ഡെയ്ല്‍: കോപ്പ അമേരിക്ക ഫുട്‌ബോളിനിടെ ഉറുഗ്വേയുടെ ദേശീയ ഗാനം മാറിപ്പോയി. ഗ്രൂപ്പ് സിയില്‍ മെക്‌സികോയ്ക്ക് എതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനം പ്ലേ ചെയ്തപ്പോഴാണ് സംഘാടകര്‍ക്ക് അബദ്ധം പറ്റിയത്. ഉറുഗ്വേയുടെ ദേശീയ ഗാനത്തിന് പകരം ചിലിയുടെ ദേശീയ ഗാനമാണ് സംഘാടകര്‍ വച്ചത്. അരിസോണയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഫൊണിക്‌സ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.
കിക്കോഫിന് മുന്‍പായാണ് ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനം പ്ലേ ചെയ്തത്. ആദ്യം മെക്‌സികോയുടെ ദേശീയ ഗാനം പ്ലേ ചെയ്തു കഴിഞ്ഞാണ് ഉറുഗ്വേയുടെ ദേശീയ ഗാനം പ്ലേ ചെയ്തത്. ഗാനം മാറിപ്പോയത് വ്യക്തമായതോടെ ഉറുഗ്വേ താരങ്ങള്‍ പരസ്പരം മുഖത്ത് നോക്കി. ഗ്യാലറിയില്‍ ഉണ്ടായിരുന്ന ഉറുഗ്വേ പൗരന്‍മാരും പ്രതിഷേധം ഉയര്‍ത്തി. സംഭവം വിവാദമായതോടെ ഗാനം മാറിപ്പോയത് മാനുഷിക പിഴവ് മൂലമാണെന്ന് കോപ്പ അമേരിക്ക സംഘാടകര്‍ വ്യക്തമാക്കി.
ഉറുഗ്വേ ഫെഡറേഷനോടും ദേശീയ ടീമിനോടും ഉറുഗ്വേന്‍ ജനതയോടും ആത്മാര്‍ത്ഥമായ ക്ഷമാപണം നടത്തുന്നുവെന്നും കോപ്പ അമേരിക്ക സംഘാടകര്‍ വ്യക്തമാക്കി.