ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: 24 പേര്‍ കുറ്റക്കാര്‍; 36 പേരെ വെറുതെവിട്ടു

03:01PM 2/6/2016
images
ഗാന്ധിനഗര്‍: ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കോടതിയില്‍ ശിക്ഷാവിധി തുടങ്ങി. കേസില്‍ 24 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഹമ്മദാബാദ് സ്‌പെഷ്യല്‍ എസ്.ഐ.ടി കോടതി 36 പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. കേസിലെ പ്രധാനപ്രതി ബി.ജെ.പി നേതാവും കോര്‍പറേഷന്‍ കൗണ്‍സിലറുമായ ബിപിന്‍ പട്ടേലും രക്ഷപ്പെട്ടവരിലുണ്ട്.
കുറ്റക്കാരില്‍ ആരുടെയും മേല്‍ ഗൂഢാലോചന കുറ്റമില്ല. കൊലപാതക കുറ്റമാണ് കുറ്റക്കാര്‍ക്കെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് ഇത്. 69 പേരാണ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത്.
ആറു വര്‍ഷം നീണ്ട വിചാരണയില്‍ 338 സാക്ഷികളെയാണ് വിസ്തരിച്ചത്. ഗുറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒമ്പതു കേസില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊലയും. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആണ് കേസ് അന്വേഷിച്ചത്്. 66 പേരെ എസ്.ഐ.ടി പ്രതിചേര്‍ത്തിരുന്നു. അറസ്റ്റിലായ ഇവരില്‍ ഒമ്പത് പേരെ ഒഴികെ മറ്റുള്ളവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.
അയോധ്യയില്‍ നിന്നെത്തിയ കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന്റെ എസ്.-6 കോച്ച് ഗോധ്ര റെയില്‍വേ സ്‌റ്റേഷനു സമീപം കത്തിച്ച സംഭവത്തിനു പിന്നേ് 2002 ഫെബ്രുവരി 28നാണ് ഗുള്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല അരങ്ങേറിയത്. അക്രമികളെ തടഞ്ഞ് ഇരകളെ രക്ഷിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയും കൊല്ലപ്പെട്ടിരുന്നു.
വിധി പറയാന്‍ രാവിലെ കോടതി ചേര്‍ന്നതോടെ കോടതി പരിസരത്തുനിന്ന ‘ജയ് ശ്രീരാം’ വിളി ഉയര്‍ന്നിരുന്നു.
കോടതി വിധിയോട് കൊല്ലപ്പെട്ട ഇഹസാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. 24 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ 36 പേരെ വെറുതെവിട്ടത് നിരാശപ്പെടുത്തി. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. തന്റെ പോരാട്ടം തുടരും. ബി.ജെ.പി നേതാവ് ബിപില്‍ കുറ്റമുക്തനായതെങ്ങനെയെന്ന് വ്യക്തമാകണം. അദ്ദേഹത്തിന്റെ പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്നതുകൊണ്ടാണോ അത്? തനിക്കു വേണ്ടി നിയമപോരാട്ടം നടത്തിയ ടീസ്ത സീതല്‍വാദും മറ്റ് മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ട്. കേസില്‍ ഉടനീളം രാഷ്ട്രീയം കലര്‍ന്നിട്ടുണ്ടെന്നും സാകിയ ജാഫ്രി പറഞ്ഞു.