09.32 AM 30/10/2016
ന്യൂഡൽഹി: ചാരപ്പണിക്കു പിടിയിലായ നയതന്ത്ര ഉദ്യോഗസ്ഥൻ മെഹബൂബ് അക്തർ പാക്കിസ്ഥാനിലേക്കു മടങ്ങി. അനഭിമിതനായി ഇന്ത്യ പ്രഖ്യാപിച്ചതിനെ തുടർന്നാണു വാഗാ അതിർത്തിയിലൂടെ ഇയാൾ നാട്ടിലേക്ക് മടങ്ങിയത്. മെഹബൂബിനെ പുറത്താക്കിയതിനു പകരമായി ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ സുർജിത് സിംഗിനെ പാക്കിസ്ഥാനും പുറത്താക്കി. നയതന്ത്ര രീതിക്കു നിരക്കാത്ത പ്രവൃത്തി നടത്തിയെന്നാരോപിച്ചാണു നടപടി.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഉന്നത ഉദ്യോഗസ്ഥരുമായി മെഹബൂബ് അക്തർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി വ്യക്തമായി. രാജ്യം വിടുന്നതിനു മുമ്പു ഡൽഹി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു ഇക്കാര്യം മെഹബൂബ് വെളിപ്പെടുത്തിയത്. ഹൈക്കമ്മീഷനിൽ വിസ ഓഫീസറായി പ്രവർത്തിച്ചിരുന്ന അക്തർ പാകിസ്ഥാൻ മിലിട്ടറി ഇന്റലിജൻസിൽ നിന്നു ഡെപ്യൂട്ടേഷനിലെത്തിയ ഫറൂഖ് ഹബീബിനു കീഴിലാണു ജോലി ചെയ്തിരുന്നത്. ഹബീബിന്റെ ഔദ്യോഗിക വാഹനത്തിൽ ഡൽഹി മൃഗശാലയിലെത്തി രണ്ടുപേരിൽ നിന്നു നിർണായക രേഖകളടങ്ങിയ സിഡി വാങ്ങുമ്പോഴാണ് അക്തർ പിടിയിലായത്.