ജനകീയ കൂട്ടായ്മയില്‍ പിറന്ന ഇളംവെയില്‍

തിരുവനന്തപുരം: ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച ഇളംവെയില്‍ കെ.എസ്.എഫ്.ഡി.സിയുടെ തിയേറ്ററുകളിലെത്തി. അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തില്‍ മണ്ണിലേക്ക് ഇറങ്ങുക എന്ന ആശയം ഉള്‍ക്കൊണ്ട് ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണ് ഇളംവെയില്‍. നന്മകള്‍ പൂക്കുന്ന നാട്ടില്‍ എന്ന ചിത്രത്തിന് ശേഷം ഷിജു ബാലഗോപാലന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സര്‍ഗ്ഗം ചിറ്റാരിപ്പറമ്പ് ഫിലിംസിന്റെ ബാനറില്‍ മുകുന്ദന്‍ കൂര്‍മ്മ നിര്‍മ്മിച്ച ചിത്രത്തിന്റെ രചന ഡോ: കുമാരന്‍ വയലേരിയാണ്. ചിത്രത്തിന്റെ പ്രൊജക്ട് ഡിസെന്‍ ചെയ്തത് കണ്ണൂര്‍ ടാക്കീസാണ്. കണ്ണൂരിലെ ആനിമാക്‌സാണ് സാങ്കേതിക സഹായം. എട്ടു ലക്ഷം രൂപയില്‍ താഴെയാണ് ചിത്രത്തിന്റെ നിര്‍മ്മാണത്തിനു ചെലവായിട്ടുള്ളത്.

അന്താരാഷ്ട്ര മണ്ണ് വര്‍ഷാചരണത്തിന്റെ ഭാഗമായി മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്ന കഥാചിത്രമാണ് ഇളംവെയില്‍. മണ്ണ് മനുഷ്യര്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. രാഹുല്‍ എന്ന ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയും സ്‌കൂളില്‍ പുതുമായി വന്ന മോഹനകൃഷ്ണന്‍ മാഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.  മണ്ണില്‍ കളിച്ചതുകൊണ്ട് ആരും മരിക്കുന്നില്ലെന്ന് പറയുന്ന ചിത്രം മണ്ണിനെ മലിനമാക്കുന്നവരാണ് ജീവജാലങ്ങളെ ഇല്ലാതാക്കുന്നത് എന്ന് വിളിച്ച് പറയുന്നു. സുമിത്ത് രാഘവ്, ദീക്ഷിത്ത് ദിലീപ്, വി കെ കുഞ്ഞികൃഷ്ണന്‍, ജയലക്ഷ്മി  തുടങ്ങിയ പുതുമുഖങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.

സിനിമയയെന്ന സ്വപ്‌നത്തിന് പിറകെയുള്ള കുറേ വര്‍ഷത്തെ അലച്ചിലിനൊടുവിലാണ് സംവിധായകനായ ഷിജു ബാലഗോപാല്‍ ജനകീയ കൂട്ടായ്മയിലൂടെ സിനിമ നിര്‍മ്മിക്കാമെന്ന ആശയത്തിലെത്തുന്നത്. കണ്ണൂര്‍ ടാക്കീസിന്റെ ബാനറില്‍ നിര്‍മ്മിച്ച നന്മകള്‍ പൂക്കുന്ന നാട്ടില്‍ എന്ന ആദ്യസിനിമയ്ക്കു പിന്നില്‍ ഒരു ഗ്രാമം മുഴുവന്‍ പങ്കാളികളായി. 20 രൂപയുടെ സമ്മാന കൂപ്പണ്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്താണ് സിനിമയുടെ നിര്‍മ്മാണത്തിനാവശ്യമായ തുക കണ്ടെത്തിയത്. 3,15,000 രൂപയ്ക്ക് നന്മകള്‍ പൂക്കുന്ന നാട്ടില്‍ പൂര്‍ത്തിയായി.

രണ്ട് ചിത്രങ്ങളുടെയും സാങ്കേതികമായ എല്ലാ ജോലികളും പൂര്‍ത്തിയാക്കിയത് കണ്ണൂരില്‍ തന്നെയാണ്. സിനിമയുടെ ദൃശ്യഭംഗിക്കാവശ്യമായ ഉപകരണങ്ങള്‍ വാടകയ്ക്ക് എടുത്ത് ചെയ്യാനുള്ള സാമ്പത്തികം ഇല്ലാത്തതിനാല്‍, ജിബ്ബ്, സ്റ്റഡി ക്യാം, ട്രാക്ക്, ഷോള്‍ഡര്‍ പാഡ്, ലൈറ്റുകള്‍ തുടങ്ങിയവ സ്വന്തമായി ഉണ്ടാക്കുകയാണ് ചെയ്തത്.

14,064 thoughts on “ജനകീയ കൂട്ടായ്മയില്‍ പിറന്ന ഇളംവെയില്‍