ഡൂയീസ്ബുര്‍ഗ്: മലയാളി യുവതിയെ ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊന്നു സ്വന്തം തോട്ടത്തില്‍ കുഴിച്ചുമൂടി. ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ് (34) എന്ന യുവതിയെയാണ് ഭര്‍ത്താവ് റെനെ ഫെര്‍ഹോവന്‍ (33) വകവരുത്തിയത്. ഇവര്‍ക്ക് ആലീസ് എന്നു പേരുള്ള എട്ടുമാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ജാനെറ്റിനെ കാണാനില്ലെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണ് ഇവരുടെ സ്വന്തം വീട്ടിലെ പുറകവശത്തുള്ള തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ ജാനെറ്റിന്റെ മൃതദേഹം പോലീസ് വെള്ളിയാഴ്ച വൈകുന്നേരം കണ്ടെടുക്കുന്നത്. ഭര്‍ത്താവ് റെനെയുടെ ഇടപെടലില്‍ സംശയം തോന്നിയ പോലീസ് ഉടന്‍തന്നെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് സംഭത്തിന്റെ സത്യാവസ്ഥ പുറംലോകമറിയുന്നത്. കൃത്യം നടത്തിയത് താനാണെന്ന് റെനെ ഫെര്ഹോഫന് പോലീസിനോട് സമ്മതിച്ചു. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രതിയെ ശനിയാഴ്ച ജഡ്ജി മുമ്പാകെ എത്തിയ്ക്കുമെന്ന് പോലീസ് വക്താവ് ഡാനിയേലാ ക്രാഷ് അറിയിച്ചു. മദ്ധ്യജര്‍മന്‍ നഗരമായ ഡൂയീസ്ബുര്‍ഗിന് അടുത്തുള്ള ഹോംബെര്‍ഗിലാണ് മലയാളികളെയും ജര്‍മന്‍കാരെയും നടുക്കിയ സംഭവം ഉണ്ടായത്. ജര്‍മനിയിലെ ആദ്യ തലമുറക്കാരായ അങ്കമാലി സ്വദേശി സെബാസ്റ്റിയന് കിഴക്കേടത്തിന്റെയും റീത്തയുടെയും ഏകമകളാണ് ജാനെറ്റ്. സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ ജാനെറ്റിനെ കാണാനില്ലെന്നുള്ള വസ്തുത മലയാളികളുടെയും ജര്‍മന്‍കാരുടെയും ഇടയില്‍ പ്രചരിച്ചിരുന്നു. ഫേസ് ബുക്ക് വഴി ജാനെറ്റിന്റെ ഫോട്ടോ സഹിതം ഇത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ ജാനെറ്റിനെ കാണാനില്ലെന്ന കാര്യം ഭര്‍ത്താവ് ഫെര്ഹോഫന് പോലീസില്‍ അറിയിച്ചിരുന്നു. ഇയാള്‍ മൂന്നു തവണ പോലീസില്‍ പരാതിപ്പെട്ടിരുന്നതായി പോലീസ് മേധാവി അറിയിച്ചു. ഏറ്റവും ഒടുവില്‍ മെയ് മൂന്നിന് ഭര്‍ത്താവ് വീണ്ടും പരാതിപ്പെട്ടതായും പോലീസ് പറഞ്ഞു. ജാനെറ്റ് സ്വമേധയാ വീടുവിട്ടു പോയെന്നാണ് റെനെ പോലീസിനെ അറിയിച്ചിരുന്നത്. ഇതിനിടയില്‍ ജാനെറ്റിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വാട്സാപ്പില്‍ സന്ദേശങ്ങള്‍ സെബാസ്റ്റിയന് ലഭിച്ചിരുന്നു. ജാനെറ്റ് എന്നപേരില്‍ ഫെര്‍ഹോഫനാണ് ഇത് അയച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹോംബെര്‍ഗില്‍ ചെറുപ്പം മുതല്‍ തന്നെ അതായത് സ്കൂള്‍തലം മുതലേ ഫെര്‍ഹോവനും ജാനെറ്റും തമ്മില്‍ കൂട്ടുകാരായിരുന്നു. ഇവര്‍ കഴിഞ്ഞ 15 കൊല്ലമായി പ്രണയത്തിലുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരുടെയും മാതാപിതാക്കളുടെ സമ്മതപ്രകാരം അങ്കമാലിയില്‍ വെച്ചാണ് ഇവരുടെ വിവാഹം നടത്തിയത്. ജര്‍മനിയിലെ രണ്ടാം തലമറക്കാരിയായ ജാനെറ്റ് കലാരംഗത്ത് ഏറെ സജീവും മികച്ച ഒരു നര്‍ത്തകിയുമായിരുന്നു. സംഭവത്തിന്റെ കാരണം ദുരൂഹമാണ്. കൊല എന്നു നടന്നുവെന്നോ എങ്ങനെ കൊലപ്പെടുത്തിന്നോ ഇതുവരെ വ്യക്തമായിട്ടില്ല. മരണകാരണം ശനിയാഴ്ച നടത്തുന്ന പോസ്റ്റ്മോര്‍ട്ടത്തിലേ വ്യക്തമാവുകയുള്ളുവെന്ന് പോലീസ് വക്താവ് പറഞ്ഞു. സംഭവസ്ഥലം മുഴുവന്‍ പോലീസ് നിരീക്ഷണത്തിലാണ്. സംഭവത്തെപ്പറ്റിയുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിന് പോലീസ് ഒരു കമ്മീഷനെയും നിയോഗച്ചിട്ടുണ്ട്.