ജിഷ കൊലക്കേസ്; പ്രതി പൊലീസ് കസ്റ്റഡിയില്‍

06.24 PM 16-06-2016
image
പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അസം സ്വദേശി അമീയൂര്‍ ഇസ്ലാമാണ് അറസ്റ്റിലായത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിക്കുകയും ചെയ്തു. കേരളാ പൊലീസിന് അഭിമാനകരമായ നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.
ജിഷ വധക്കേസില്‍ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് പൂര്‍ണമായി ലഭിച്ചിട്ടുണ്ട്. ഇന്നലെ തന്നെ പ്രതി പൊലീസിന്റെ പൂര്‍ണ നിരീക്ഷണത്തിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് തന്നെ നിങ്ങള്‍ക്ക് അതിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കും. കേരള പൊലീസിന്റെ തൊപ്പിയിലെ ഒരു തൂവലാണ് ഈ കേസില്‍ പ്രതിയെ കണ്ടെത്താനായത്” പിണറായി പറഞ്ഞു.
അതേസമയം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളിലൂടെയാണ് ഇപ്പോള്‍ പ്രതിയെ കണ്ടെത്താനായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എല്ലാ തെളിവുകളും തേച്ച് മാച്ചു കളഞ്ഞുവെന്നായിരുന്നു അന്ന് ആരോപണം. അന്ന് ചെരിപ്പ് തെളിവായി കണ്ടെത്തിയപ്പോള്‍ പൊലീസ് ചെരിപ്പ് തൂക്കി നടക്കുന്നുവെന്നായിരുന്നു പരിഹസിച്ചിരുന്നത്. ആ ചെരിപ്പ് തന്നെയാണ് ഇപ്പോള്‍ പ്രധാന തെളിവായി പറഞ്ഞത്. അന്ന് രാഷ്ട്രീയ ആരോപണം കേള്‍ക്കേണ്ടിവന്നതില്‍ സങ്കടമുണ്ട്. മുന്‍ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അന്വേഷണ സംഘത്തെ പ്രത്യേകം അഭിനന്ദനിക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
ജിഷയുടെ ഘാതകനെ പിടികൂടിയതോടെ ആഴ്ചകള്‍ നീണ്ട അന്വേഷണ വിവാദങ്ങളും തീരുകയാണ്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. നാല് ദിവസം മുമ്പാണ് ഇയാളെ പൊലീസ് പിടികൂടിയത്. പിടിയിലായ അസം സ്വദേശി പെരുമ്പാവൂരില്‍ മുമ്പും ജോലി ചെയ്തിട്ടുണ്ടായിരുന്നു. പൊലീസിന്റെ കസ്റ്റഡിയിലുള്ളയാള്‍ തന്നെയാണ് ചെരിപ്പ് വാങ്ങിയതെന്ന് കടക്കാരന്‍ തിരിച്ചറിഞ്ഞു. കൊലപാതകിയെന്നുറപ്പിക്കാനായി ഡി.എന്‍.എ സാമ്പിളുകള്‍ ഇയാളില്‍ നിന്ന് ശേഖരിച്ച് പരിശോധനയ്ക്കയച്ചിരുന്നു. ഈ പരിശോധനയിലും അമിയൂര്‍ ഇസ്ലാമാണ് കൊലയാളിയെന്ന് വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരത്തെ ലാബിലാണ് ഡിഎന്‍എ പരിശോധന നടത്തിയത്.
ജിഷവധക്കേസ് അന്വേഷണത്തില്‍ പൊലീസിന് നിര്‍ണ്ണായകമായത് ചെരുപ്പും ഡിഎന്‍എയുമാണ്. കൊല നടന്നിടത്ത് നിന്ന് കിട്ടിയ ചെരുപ്പിനെ ആരും തുടക്കത്തില്‍ കാര്യമായെടുത്തിരുന്നില്ല. എന്നാല്‍, പിന്നീട് അന്വേഷണം പുരോഗമിച്ചതോടെ ഈ ചെരുപ്പിനെ പൊലീസ് കാര്യമായെടുത്തു. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. എങ്ങനെ ചെരുപ്പെത്തിയെന്നാണ് ഡിജിപി അന്വേഷിച്ചത്. കനാലിലേക്ക് ചെരിപ്പിട്ടു പോകാനുള്ള ബുദ്ധിമുട്ടുകാരണം ചെരുപ്പ് കൊലയാളി ഉപേക്ഷിച്ചതാണെന്ന് ബെഹ്‌റയുടെ അന്വേഷണ ബുദ്ധി തിരിച്ചറിഞ്ഞു. ഇതോടെ ചെരുപ്പിലേക്ക് അന്വേഷണം നീളാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ഇതോടെ ചെരുപ്പിന് പുറകെയായി പൊലീസിന്റെ അന്വേഷണം. രേഖ ചിത്രവും വ്യക്തമായി പുറത്തായതോടെ പ്രതിയിലേക്ക് ആദ്യ സൂചനയെത്തി. സ്റ്റുഡിയോയിലെ ജീവനക്കാരും രേഖ ചിത്രത്തില്‍ സംശയങ്ങള്‍ ഉന്നയിച്ചപ്പോള്‍ അസം സ്വദേശിയുടെ ഒളിച്ചു കളി പൊളിഞ്ഞു.
ജിഷയെ കൊന്നത് താനാണെന്ന് അസം സ്വദേശി സമ്മതിച്ചിട്ടുണ്ട്. ജിഷയുമായി ഇയാള്‍ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ ഇടയ്‌ക്കൊന്ന് പിണങ്ങി. ഇതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി. പ്രതി കുറ്റ സമ്മതം നടത്തിയ ശേഷമാണ് ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികളും പൂര്‍ത്തിയാക്കിയത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുംബൈയിലാണ് ഉള്ളത്. പൊലീസ് ഡിജിപിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ബെഹ്‌റയുടെ യാത്ര. ഇതിനിടെയാണ് പ്രതിയുടെ ഡിഎന്‍എ പരിശോധന ഫലത്തിലെ സൂചന പുറത്തുവന്നത്. ഇതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി എത്തിയത്.
ഏപ്രില്‍ 28നാണു ജിഷയെ പെരുമ്പാവൂരിലെ പുറമ്പോക്കിലെ സ്വന്തം വീട്ടില്‍ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 15നു പെരുമ്പാവൂരിനു പുറത്തുള്ള സ്റ്റുഡിയോയില്‍ ജിഷ ഫോട്ടോ എടുക്കുന്നതിനായി ഈ ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയിരുന്നു. കൊല നടന്ന ജിഷയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത ചെരുപ്പുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും നിര്‍ണ്ണായകമായി. വാര്‍ത്തകള്‍ സജീവമായതോടെ അന്യസംസ്ഥാനക്കാരന്‍ ഇത്തരത്തിലെ കറുത്ത ചെരുപ്പ് നല്‍കിയെന്ന് പൊലീസിന് മൊഴി കിട്ടി. രേഖാ ചിത്രത്തിലെ സാമ്യവും കടക്കാരന്‍ ഉറപ്പിച്ചു. ഇതിനൊപ്പം ബ്യൂട്ടിപാര്‍ലറും ഫോട്ടോ എടുത്ത സ്റ്റുഡിയോയില്‍ നിന്നുള്ള വിവരവും നിര്‍ണ്ണായകമായി.
ചെരുപ്പില്‍ സിമെന്റ് പറ്റിയിരുന്നതിനാല്‍ കെട്ടിടനിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ട ആളാണു കൊലയാളിയെന്ന സംശയമുണ്ടായിരുന്നു. ചെരുപ്പു ധരിച്ചു കനാലിലേക്കു കുത്തനെ ഇറങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ദിവസങ്ങളായി തുടരുന്നതിനിടെയാണ് ചെരുപ്പു വില്‍പ്പന നടത്തിയ ആള്‍ നിര്‍ണായകമൊഴി നല്‍കിയത്. ഇതോടെ ഈ വ്യക്തിയിലേക്ക് എത്താന്‍ പൊലീസിന് കഴിയുകയായിരുന്നു. കറുത്ത ചെരുപ്പ് സാധാരണ ആരും വാങ്ങാറില്ല. ഇതു കടക്കാരന്് ഓര്‍മ്മയില്‍ നിന്ന് മൊഴി നല്‍കാന്‍ സഹായകമായി. ജിഷ കൊല്ലപ്പെടുന്നതിനു മുന്‍പ്, മാര്‍ച്ച് 15 നു ശേഷം പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ എത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചു ലഭിച്ച നിര്‍ണായക വിവരമാണ് അന്വേഷണ സംഘത്തിനു തുണയായി.
കേരളത്തില്‍നിന്നുള്ള സാഹചര്യത്തെളിവുകള്‍ തേടി അസമിലേക്കു പോയ പൊലീസ് സംഘമാണ് മിന്‍ അമിറുള്‍ ഇസ്ലാമിലേക്ക് അന്വേഷണം എത്തിച്ചത്. ജിഷയുടെ സുഹൃത്തായ ഒരു അസംകാരനിലേക്ക് അന്വേഷണം എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങളുമായാണ് പൊലീസ് സംഘം കേരളത്തില്‍നിന്നു പോയത്. പശ്ചിമബംഗാളിലേക്ക് ഒരു സംഘം പോയി. മറ്റൊരു സംഘം മിന്‍ അമ്‌റുളിനെത്തേടിയാണ് അസമിലെത്തിയത്.
അസമില്‍പോയ മിന്‍ അമ്‌റുള്‍ പെരുമ്പാവൂരിലുള്ള സുഹൃത്തിനെ വിളിക്കാന്‍ ഫോണ്‍ ഓണ്‍ ചെയ്തതാണ് പൊലീസിന് കൃത്യമായ വിവരം നല്‍കിയത്. ജിഷയുടെ ഫോണിലേക്കു വിളിച്ചവരില്‍ കൊലപാതകത്തിന് അടുത്ത ദിവസങ്ങളില്‍ ഫോണ്‍ നിരന്തരം ഓഫ് ചെയ്തവരുടെ നമ്പരുകള്‍ എടുത്തിരുന്നു. പെട്ടെന്ന് അതിലൊരു നമ്പര്‍ ഓണാവുകയും ഫോണ്‍ കോള്‍ പോവുകയും ചെയ്തതോടെ പ്രതി പൊലീസിന്റെ വലയില്‍തന്നെയാവുകയായിരുന്നു. അസമില്‍നിന്നു ട്രെയിന്മാര്‍ഗം കാഞ്ചീപുരത്തെത്തിയ മിന്‍ അമ്‌റുളിനെ പൊലീസ് വലയില്‍ പൂട്ടുകയായിരുന്നു.
കഴിഞ്ഞദിവസം മഫ്തിയില്‍ പൊലീസ് ബോര്‍ഡില്ലാത്ത വാഹനത്തിലെത്തിയ സംഘം മിന്‍ അമ്‌റുള്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു സേലം കോയമ്പത്തൂര്‍ പാലക്കാട് വഴി നേരേ ആലുവയില്‍ കൊണ്ടുവരാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മാദ്ധ്യമങ്ങള്‍ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. കുറ്റസമ്മതം നടത്തിയതോടെയാണ് വിവരം പുറംലോകത്തെ പൊലീസ് അറിയിച്ചത്. മാത്രമല്ല, ഡിഎന്‍എ പരിശോധനയുടെ ഫലം വരാനും കാത്തിരുന്നു. അതുകൂടി കിട്ടിയെന്നുറപ്പായപ്പോഴാണ് രാവിലെ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.