10.38 PM 27/10/2016
സൂററ്റ്: ജീവനക്കാര്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ നല്കി വാര്‍ത്തകളില്‍ ഇടംപിടിച്ച ഗുജറാത്തിലെ വജ്രവ്യാപാരി സാവ്ജി ധൊലാക്കിയ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. 400 ഫഌറ്റുകളും 1260 കാറുകളുമാണ് ധൊലാക്കിയ ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്കു നല്‍കുന്നത്. 51 കോടി രൂപയാണ് ഇതിനു ചെലവു വരുന്നതെന്ന് ഹരേ കൃഷ്ണ എക്സ്പോര്‍ട്സ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദീപാവലിക്ക് 491 കാറുകളും 200 ഫഌറ്റുകളുമായിരുന്നു ധോലാക്കിയയുടെ ദീപാവലി സമ്മാനം. 2011 മുതലാണ് ധൊലാക്കിയ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ജീവനക്കാര്‍ക്ക് നല്കുന്ന രീതി ആരംഭിച്ചത്. കൂടാതെ, ഇക്കുറി കമ്പനിയുടെ സുവര്‍ണ ജൂബിലിയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. 1716 പേരെ ഏറ്റവും മികച്ച ജീവനക്കാരായും കമ്പനി തെരഞ്ഞെടുത്തിട്ടുണ്ട്.
കോടീശ്വരനാണെങ്കിലും മകന് ദ്രവ്യയെ പണത്തിന്റെ മൂല്യം മനസിലാക്കാനായി 7000 രൂപയും കൊടുത്ത് കൊച്ചിയിലേക്ക് ജോലിക്ക് അയച്ച അച്ഛനാണ് ധൊലാക്കിയ. ഗുജറാത്തിലെ ദുധാലയില്‍ 1962ല്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച സാവ്ജിയുടെ വളര്‍ച്ചയുടെ കഥകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇന്ന് 6000 കോടിയിലേറെ രൂപ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ഹരേ കൃഷ്ണ എക്സ്പോര്‍ട്സ് എന്ന ഡയമണ്ട് കമ്പനിയുടെ കയറ്റുമതി മാത്രം 5000 കോടി രൂപയ്ക്കു മുകളിലാണ്.