ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് അതിന്റെ മസ്കറ്റില്‍ നിന്നുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് മാര്‍ച്ച് അവസാന വാരം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഒമാന്‍ ജനറല്‍ മാനേജര്‍ റിയാസ് കുട്ടേരി പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രതിദിന സര്‍വീസാണ് ആരംഭിക്കുന്നത്. ഇതുപ്രകാരം ആദ്യ വിമാനം 9W 589 മാര്‍ച്ച് 21 രാത്രി 11.15 നു ഡല്‍ഹിയില്‍ നിന്നും തിരിച്ച് 22 ചൊവ്വാഴ്ച വെളുപ്പിനെ 01.30 ന് മസ്കറ്റില്‍ എത്തിച്ചേരും. മസ്കറ്റില്‍ നിന്നുള്ള വിമാനം 9W 597 വെളുപ്പിനെ 02.30 നു പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 7 മണിക്ക് ഡെല്‍ഹിയില്‍ എത്തിച്ചേരും.മസ്കറ്റ് വ്യോമയാന അതോറിറ്റി ഉള്‍പ്പെടെ അംഗീകരിച്ചു നല്‍കിയിട്ടുള്ള നിലവിലെ ഷെഡ്യൂള്‍ തന്നെയായിരിക്കും തുടരുകയെന്ന് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ റിയാസ് കുട്ടേരി പറഞ്ഞു.
മസ്കറ്റില്‍ നിന്നും ജെറ്റ് വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഡല്‍ഹി സെക്ടറില്‍ നിലവിലുള്ള വിമാന കമ്പനികളുടെ ഏകാധിപത്യം ഇല്ലാതാകും.കൂടാതെ ഡെല്‍ഹിയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന ജെറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യുവാന്‍ മസ്കറ്റില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ റൂട്ട് പ്രയോജനപ്പെടും. നിലവില്‍ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയുടെ ദേശീയ വിമാന കമ്പനി ആയ എയര്‍ ഇന്ത്യയും, ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറുമാണ് നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്.
മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസ് നടത്തുന്ന ജെറ്റ്എയര്‍വേസ് ഡെല്‍ഹി സര്‍വീസ് തുടങ്ങുന്നതോടെ തങ്ങളുടെ മസ്കറ്റിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ്.