ഫറോക്ക്: ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരത്തിലേര്‍പ്പെട്ടതോടെ മലബാറിലേക്കുള്ള ഇന്ധന വിതരണം സ്തംഭിച്ചു. ശനിയാഴ്ച വൈകീട്ട് ആറോടെ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗെസ്റ്റ് ഹൗസില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍െറ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും പരിഹാരം കാണാനാകാതെ പിരിഞ്ഞതോടെ ടാങ്കര്‍ ലോറി സമരം കൂടുതല്‍ ശക്തമാക്കാനാണ് ട്രേഡ് യൂനിയനുകളുടെ തീരുമാനം.
ചര്‍ച്ചയില്‍ മന്ത്രി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചെങ്കിലും ഐ.ഒ.സി അധികൃതര്‍ ഇത് അംഗീകരിക്കാന്‍ തയാറാകാതെ ധിക്കാരപരമായ പിടിവാശിയില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കുശേഷം പരിഹാരം കാണാനാകാത്തതിനാല്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗം രാത്രി 8.40ന് പിരിഞ്ഞു.വാടക 30 ശതമാനം വരെ വെട്ടിക്കുറച്ചതും പുതിയ സെന്‍സും പുതിയ ലോക്കിങ് സംവിധാനവും ഘടിപ്പിക്കണമെന്നുള്ള പുതിയ ടെന്‍ഡറിലെ വ്യവസ്ഥകളാണ് ലോറി ഉടമകളുടെ പ്രതിഷേധത്തിന് വഴിവെച്ചത്.
എല്ലാ ദിവസവും 170ഓളം ലോഡാണ് ഫറോക്ക് ഐ.ഒ.സി ഡിപ്പോയില്‍നിന്ന് വിവിധ ജില്ലകളിലെ 140ഓളം ഡീലര്‍മാര്‍ക്കായി കൊണ്ടുപോകുന്നത്. പുതുതായി കൊണ്ടുവന്ന സേവന വ്യവസ്ഥയിലെ തീരുമാനങ്ങള്‍ നടപ്പാക്കില്ളെന്ന് ടാങ്കര്‍ ലോറി ഉടമകള്‍ക്കും ട്രേഡ് യൂനിയന്‍ നേതാക്കള്‍ക്കും നല്‍കിയിരുന്ന ഉറപ്പുകള്‍ ഐ.ഒ.സി അധികൃതര്‍ ലംഘിച്ചതാണ് വീണ്ടും ഉടമകളെ അനിശ്ചിതകാല സമരത്തിലേക്കത്തെിച്ചത്. ഗെസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കൊച്ചി റീജ്യനല്‍ ലേബര്‍ കമീഷണര്‍ നാരായണന് നമ്പൂതിരി, കോഴിക്കോട് റീജ്യനല്‍ ലേബര്‍ കമീഷണര്‍ ശ്രീലാല്‍, കോഴിക്കോട് ജില്ലാ ലേബര്‍ ഓഫിസര്‍ വിപിന്‍ ലാല്‍, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഡെപ്യൂട്ടി മനേജര്‍മാരായ മനോജ്, ഗോപാലകൃഷ്ണന്, സീനിയര്‍ ഡെപ്യൂട്ടി മാനേജര്‍ സി.പി. നായര്‍, ട്രേഡ് യൂനിയന്‍ കോണ്‍ട്രാക്റ്റേഴ്സ് പ്രതിനിധികളായ പി. ദേവരാജന്‍ , വി. പങ്കജാക്ഷന് , കൊച്ചി ഡിപ്പോ പ്രസിഡന്റ് സി.പി. ചാക്കോ, സെക്രട്ടറി പി.വി. സുമേഷ്, ഇബ്രാഹിം കുട്ടി, ഫറോക്ക് ഡിപ്പോ പ്രസിഡന്റ് എ. പത്മനാഭന്, എ. സഹദേവന്, സിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു