09:44 am 25/10/2016
ന്യൂഡൽഹി: ടാറ്റാ സണ്‍സ് ചെയര്മാൻ പദവിയിൽ നിന്നും സൈറസ് പി. മിസ്ത്രിയെ ഒഴിവാക്കി. തിങ്കളാഴ്ച ചേർന്ന കമ്പനി ബോർഡ് യോഗത്തിലാണ് സൈറസ് മിസ്ത്രിയെ പദവിയിൽ നിന്നും മാറ്റാൻ തീരുമാനമായത്. താൽക്കാലിക ചെയർമാനായി രത്തൻ ടാറ്റ സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്.
ടാറ്റാ സൺസിെൻറ അടുത്ത ചെയർമാനെ തെരഞ്ഞെടുക്കുന്നതിനായി ബോർഡ് സെലക്ഷൻ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. രത്തൻ ടാറ്റ, വേണു ശ്രീനിവാസൻ, അമിത് ചന്ദ്ര, റോനെൻ സെൻ, ലോഡ് കുമാർ ഭട്ടാചാര്യ എന്നിവരാണ് സെലക്ഷൻ കമ്മറ്റിയിലുള്ളത്. നാലുമാസത്തിനുള്ളിൽ പുതിയ ചെയർമാനെ തെരഞ്ഞെടുക്കുമെന്നാണ് ബോർഡ് യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.
2012 ലാണ് സൈറസ് പി. മിസ്ത്രിയെ ടാറ്റാ സണ്‍സ് ചെയര്‍മാനായി നിയമിച്ചത്. 2012 ഡിസംബർ 28ന് രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോൾ താൽക്കാലിക ചെയർമാനായി സൈറസ് മിസ്ത്രി ചുമതലയേല്‍ക്കുകയും പിന്നീട് ടാറ്റാ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അദ്ദേഹത്തെ നിയമിക്കുകയുമായിരുന്നു.
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഹോള്‍ഡിംഗ് കമ്പനിയാണ് ടാറ്റാ സൺസ്. ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ പല്ലോഞ്ചി മിസ്ത്രിയുടെ മകനാണ് സൈറസ് മിസ്ത്രി.