കെ പി വൈക്കം
കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലിലെ ട്രക്ക് തൊഴിലാളികളുടെ അനിശ്ചിതകാലസമരം ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരം തുടര്‍ന്ന് വല്ലാര്‍പാടം വഴിയുള്ള ചരക്കു ഗതാഗതം പൂര്‍ണമായും നിലച്ചു. ഇതിനാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്യമാണ് കയറ്റുമതി ഇറക്കുവമതി മേഖലയില്‍ ഉണ്ടായിരിക്കുന്നത്. വല്ലാര്‍പാടത്ത് അടിക്കിടെ ഉണ്ടാകുന്ന സമരത്തില്‍ പ്രമുഖ ഷിപ്പിങ് കമ്പനികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സമരത്തെ തുടര്‍ന്ന് ടെര്‍മിനലില്‍ കണ്ടെയ്നര്‍ കൈകാര്യം നടക്കാത്തിനാല്‍ പല കപ്പലുകളുടെയും മടക്കയാത്ര തന്നെ അനിശ്ചിതമായിരിക്കുകയാണ്.
സമരം ഒത്തു തീര്‍ക്കുന്നതിനായി ഇന്നലെ കലക്റ്റര്‍ വിളിച്ചു ചേര്‍ത്ത യോഗം അലസിപ്പിരിഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ബന്ധപ്പെട്ടവര്‍ അംഗീകരിക്കാത്തിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഈ മാസം 15ന് തിരുവനന്തപുരത്ത് ചീഫ് ലേബര്‍ കമ്മീഷണര്‍ ചര്‍ച്ച വിളിച്ചിട്ടുണ്ട്. പ്രധാനമായും തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ഫെയര്‍ വെയ്ജ് സിസ്റ്റം അതിനു മുമ്പേ തീരുമാനമാകാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ പറഞ്ഞു. എന്നാല്‍ പാര്‍ക്കിങ്ങിന്റെ വിഷയം പോര്‍ട്ടിന്റെ പരിധിയില്‍ വരുന്നതാണെന്നും ഈ വിഷയത്തില്‍ തീരുമാനം കൈകൊള്ളേണ്ടത് പോര്‍ട്ട് ട്രസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനായുള്ള അനുയോജ്യ സ്ഥലത്തിനായുള്ള അന്വേഷണത്തിലാണ് സീപോര്ട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെയുള്ള ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന് തൊഴിലാളി യൂനിയന്‍ കോഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ പുതുക്കേണ്ട സേവന വേതന വ്യവസ്ഥകള്‍ പുതുക്കാന്‍ തയ്യാറാകാത്തത് അംഗീകരിക്കാനാവില്ല. അതിനോടൊപ്പം കൃത്യമായ പാര്‍ക്കിങ് സൗകര്യം ഏര്പ്പെടുത്താതു മൂലമാണ് കണ്ടെയ്നര്‍ റോഡില്‍ ഇത്രയും അപകടങ്ങള്‍ ഉണ്ടാകുന്നത്, ഇതിനു വര്‍ഷങ്ങളായി തങ്ങള്‍ ആവശ്യപ്പെടുന്ന പാര്‍ക്കിങ് സംവിധാനം എത്രയും പെട്ടെന്ന് പ്രാബല്യത്തില്‍ വരുത്തണെമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
പണിമുടക്കു മൂലം കണ്ടെയ്നറുകളിലെ ലോഡ് ഇറക്കാന്‍ സാധിച്ചിട്ടില്ല. നിരന്തരമായി തുറമുഖത്തുണ്ടാകുന്ന പണിമുടക്കും സമരവും കണ്ടെയനറിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായാണ് ബാധിക്കുന്നത്. കനത്ത നഷ്ടത്തില്‍ കൂപ്പുകുത്തിയിരുന്ന വല്ലാര്‍പാടത്തിന് സമീപകാലത്താണ് അല്മെങ്കിലും മികച്ച മുന്നേറ്റം നടത്തുവാന്‍ സാധിച്ചിരുന്നത്. ഇതിനിടയില്‍ ഇപ്പോഴുണ്ടായരിക്കുന്ന തൊഴിലാളി സമരം വന്‍ നഷ്ടമാണ് തുറമുഖത്ത് ഉണ്ടാക്കുന്നത്.