3/2/2016
മുംബൈ: ട്രെയിനില്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ യുവതികളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ‘പെണ്‍ സിംഹം’കീഴടക്കി . മുംബൈയിലെ ദഹാനു ചര്‍ച്ച്‌ഗേറ്റ് ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലാണ് സംഭവം.റയില്‍വേ പോലീസ് ജീവനക്കാരിയായ സംഗീത ദുബൈ എന്ന യുവതിയാണ് അതിക്രമം നടത്തിയ യുവാവിനെ കീഴ്‌പ്പെടുത്തി സഹയാത്രികയെ രക്ഷിച്ചത്.
പൊലീസ് ആസഥാനത്തേക്ക് ചില രേഖകള്‍ എത്തിക്കാനുള്ള പതിവു യാത്രയിലായിരുന്നു സംഗീത. സെക്കന്‍ഡ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കവെയാണ് ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ നടക്കുന്ന അക്രമം സംഗീതയുടെ ശ്രദ്ധയില്‍പ്പെട്ടത്. ലഹരിക്കടിമപ്പെട്ട ഒരു യുവാവ് ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ സ്ത്രീകളെ കടന്നുപിടിക്കാന്‍ ശ്രമിക്കുന്നു.
മൂന്ന് സ്ത്രീകളുണ്ടായിരുന്നു അവിടെ. അവരില്‍ ഒരാള്‍ അയാളെ ചെറുത്തു നിന്നപ്പോള്‍ അയാള്‍ അവളുടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. ചെറുത്തു നില്‍ക്കുന്നതിനിടെ അയാള്‍ അവളെ നിലത്തേക്ക് തള്ളി വീഴ്ത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
രണ്ട് കംപാര്‍ട്ട്‌മെന്റുകള്‍ക്കുമിടയില്‍ ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ അങ്ങോട്ട് കടക്കാന്‍ കഴിയുമായിരുന്നില്ല. വിന്‍ഡോയുടെ അടുത്തു ചെന്ന് സംഗീത ആ യുവതിയോട് അയാളെ തള്ളി വീഴ്ത്താന്‍ പറഞ്ഞു. അവര്‍ അതിനു ശ്രമിച്ചുവെങ്കിലും എളുപ്പമായിരുന്നില്ല. വീണ്ടും അവര്‍ അതിനുശ്രമിച്ചപ്പോള്‍ അയാള്‍ വീണു. അവര്‍ വാതിലിന് അടുത്തക്ക് പാഞ്ഞപ്പോള്‍ അയാള്‍ എണീറ്റ് അവരുടെ മുടിക്കുത്തിന് കുത്തിപ്പിടിച്ചു. ഈ സമയത്ത് പുറത്തുനിന്നും ഇരുമ്പു കമ്പികള്‍ക്കിടയിലൂടെ കൈയിട്ട് സംഗീത അക്രമിയുടെ മുടിയിലും കഴുത്തിലും പിടികൂടി. അയാളെ വിന്‍ഡോയിലേക്ക് ചേര്‍ത്തടുപ്പിച്ചു. എന്നാല്‍, അതിശക്തമായി കുതറുന്ന അയാളെ പുറത്തുനിന്നും വലിച്ചുപിടിക്കുക എളുപ്പമായിരുന്നില്ല. എങ്കിലും അവര്‍ അയാളെ ബലമായി പിടിച്ചു. ഇതിനിടയില്‍ സഹയാത്രിക സഹായവുമായി എത്തി. അവര്‍ നല്‍കിയ ദുപ്പട്ട ഉപയോഗിച്ച് ഇരുവരും ചേര്‍ന്ന് അക്രമിയുടെ കൈകള്‍ ബന്ദിച്ചു. അടുത്ത സ്‌റ്റേഷന്‍ എത്തുന്നതുവരെ സംഗീത അക്രമിയെ ബലമായി വിന്‍ഡേയില്‍ ചേര്‍ത്തുപിടിച്ചു. സ്‌റ്റേഷന്‍ എത്തിയതോടെ പോലീസും മറ്റ് യാത്രക്കാരും ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തി.
ബലപ്രയോഗത്തിനിടെ സംഗീതയുടെ കൈക്ക് പരിക്കേറ്റിരുന്നു. അവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന കബഡി താരമായിരുന്ന സംഗീത കരാട്ടെ താരവുമാണ്. 2012ല്‍ ഒരു ബിഹാറി ബാഗ് മോഷണ സംഘത്തെ കുടുക്കാന്‍ സംഗീത കാണിച്ച മികവാണ് അവര്‍ക്ക് പെണ്‍ സിംഹമെന്ന ഓമനപ്പേര് സമ്മാനിച്ചത്.