ട്രെയിനില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം ഉഡുപ്പിയില്‍; പീഡിപ്പിക്കപ്പെട്ടതായി സൂചന

07:35pm 12/5/2016
images (6)

തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ മലയാളി വീട്ടമ്മയുടെ മൃതദേഹം ഉഡുപ്പില്‍ കണ്ടെത്തി. റെയില്‍വേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പീഡിപ്പിക്കപ്പെട്ടതായി സംശയമുണ്ട്. മുംബൈയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ തൃശൂര്‍ ചേലക്കര കിള്ളിമംഗലം സ്വദേശി അജിതയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യാത്രമധ്യേ ഇവരെ കാണാതാവുകയായിരുന്നു. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉഡുപ്പിയിലേക്ക് തിരിച്ചു.
വേനല്‍ അവധിക്ക് നാട്ടില്‍ പോയശേഷം ഞായറാഴ്ച ഭര്‍ത്താവ് മുരളിക്കും മകള്‍ക്കുമൊപ്പം തൃശൂരിലേക്ക് പുറപ്പെട്ടതാണ് അജിത. മഡ്ഗാവില്‍ നിന്ന് രാത്രി 9.30ന് ഭക്ഷണം കഴിച്ചശേഷം ബര്‍ത്തില്‍ കിടന്നുറങ്ങിയ ഇവരെ പുലര്‍ച്ചെ 2.30ന് പയ്യന്നൂരില്‍ എത്തിയപ്പോഴാണ് കാണാതായ വിവരം ഭര്‍ത്താവ് അറിഞ്ഞത്. താഴത്തെ ബര്‍ത്തിലാണ് അജിത കിടന്നിരുന്നിരുന്നത്. അജിതയുടെ ബാഗും മൊബൈലും മറ്റു സാധനങ്ങളും ട്രെയിനില്‍ ഉണ്ടായിരുന്നു.
മൃതദേഹത്തില്‍ നിന്നും വസ്ത്രങ്ങള്‍ മാറിയ നിലയിലാണെന്നും കഴുത്തില്‍ ഷാള്‍ മുറുകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചതായാണ് അജിതയുടെ അമ്മാവന്‍ രാമചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാണെങ്കില്‍ മൃതദേഹം ഇങ്ങനെ കിടക്കില്ലെന്നും മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും പോലീസ് പറഞ്ഞതായും രാമചന്ദ്രന്‍ അറിയിച്ചു.
അജിതയ്ക്കായി കഴിഞ്ഞ നാലു ദിവസമായി വലിയതോതില്‍ തെരച്ചില്‍ നടന്നുവരികയായിരുന്നു. വാട്‌സ്അപ്പിലൂടെ അജിതയുടെ ചിത്രം പ്രചരിപ്പിച്ചിരുന്നു. ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മുന്‍പും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കുറ്റിക്കാട്ടില്‍ പെട്ടെന്ന് കാണാത്ത വിധത്തില്‍ ഒളിപ്പിച്ചുവച്ചതിനാലാകാം ആദ്യം ശ്രദ്ധയില്‍പെടാത്തതെന്ന് പോലീസ് കരുതുന്നു. ഇന്നു പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.