നാഗ്പുര്‍: ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ ഹോങ്കോങ്ങിനെതിരേ സിംബാബ്വേയ്ക്ക് ജയം. നാഗ്പുരിലെ ജാംത സ്റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ 14 റണ്ണിനാണ് സിംബാബ്വേ ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഹോങ്കോങ്ങ് ഉജ്വലമായി പോരാടിയെങ്കിലും ആറ് വിക്കറ്റിന് 144 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ സൂപ്പര്‍ 10 ലെത്താനുള്ള സിംബാബ്വേയുടെ സാധ്യത വര്‍ധിച്ചു.
ഓപ്പണര്‍ വുഷി സിബാന്‍ഡ നേടിയ കന്നി അര്‍ധ സെഞ്ചുറിയാണ് സിംബാബ്വേയ്ക്കു മികച്ച സ്കോര്‍ നേടിക്കൊടുത്തത്. 46 പന്തില്‍ രണ്ട് സിക്സറും അഞ്ച് ഫോറുമടക്കം 59 റണ്ണെടുത്ത സിബാന്ഡയാണു മത്സരത്തിലെ താരം. മുന്‍ നായകന് എള്‍ട്ടന്‍ ചിഗുംബര 13 പന്തില്‍ മൂന്ന് സിക്സറടക്കം 30 റണ്ണുമായി പുറത്താകാതെനിന്നു. സിബാന്‍ഡയും ചിഗുംബരയും ചേര്‍ന്നാണ് ഹോങ്കോങ്ങിനെ നിലംപരിശാക്കിയത്. ഹോങ്കോങ്ങിനു വേണ്ടി ഓപ്പണറും വിക്കറ്റ് കീപ്പറുമായ ജാമി ആറ്റ്കിന്സണ് 44 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം 53 റണ്ണെടുത്തു. നായകന് തന്‍വീര്‍ അഫ്സല് 17 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറുമായി 31 റണ്ണെടുത്ത് പുറത്താകാതെനിന്നു. മാര്‍ക് ചാപ്മാന് (17 പന്തില്‍ 19), അംശുമാന് റാത് (എട്ട് പന്തില്‍ 13) എന്നിവരും ബാറ്റിങ്ങില്‍ വെടിക്കെട്ടായി. ഓപ്പണര്‍ റയാന് കാംബല്‍ (ഒന്‍പത്), ബാബര്‍ ഹയാത് (ഒന്‍പത്), നിസാകത് ഖാന് (0) എന്നിവരെ രണ്ടക്കം കാണും മുന്‍പ് പുറത്താക്കാന്‍ കഴിഞ്ഞത് സിംബാബ്വേയ്ക്കു ഗുണമായി. ഡൊണാള്‍ഡ് ടിരിപാനോ, തെന്‍ഡെ ചാതാര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വെല്ലിങ്ടണ്‍ മസകാഡ്സ, സികന്ദര്‍ റാസ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.
ട്വന്റി20 ക്രിക്കറ്റില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് ഹോങ്കോങിന്റെ റയാന് കാംബല്‍ സ്വന്തമാക്കി. 44 വര്‍ഷവും 30 ദിവസവും പ്രായമുള്ളപ്പോഴാണ് റയാന് കാംബല്‍ കന്നി ട്വന്റി20 കളിക്കുന്നത്. യു.എ.ഇയുടെ മുഹമ്മദ് തൗഖീര്‍ (43 വര്‍ഷവും 176 ദിവസവും) റെക്കോഡാണ് കാംബല്‍ തകര്‍ത്തത്. 2015 ജൂലൈ ഒന്‍പതിന് സ്കോട്ട്ലന്‍ഡിനെതിരേ കളിച്ചാണ് തൗഖീര്‍ റെക്കോഡിട്ടത്. വിക്കറ്റ് കീപ്പര്‍ കൂടിയായ കാംബല്‍ ഓസ്ട്രേലിയയ്ക്കു വേണ്ടി രണ്ട് ഏകദിനങ്ങള്‍ കളിച്ചു. വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ താരമായിരുന്ന കാംബല്‍ ആഡം ഗില്‍ക്രിസ്റ്റിന്റെ വരവോടെയാണ് പിന്തള്ളപ്പെട്ടത്. കാംബലിനെ മറികടന്ന് ടീമിലെത്തിയ ഗില്‍ക്രിസ്റ്റ് ലോകത്തെ തന്നെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി.
സ്കോര്‍ബോര്‍ഡ്: സിംബാബ്വേ- ഹാമില്ട്ടണ് മസകാഡ്സ റണ്ണൗട്ട് 20, വൂസി സിബാന്‍ഡ സി ചാപ്മാന് ബി അയ്സാസ് ഖാന് 59, റിച്മണ്ട് മുതുംബാമി സി നദീം അഹമ്മദ് ബി തന്‍വീര്‍ അഫ്സല് 0, സീന്‍ വില്യംസ് ബി തന്‍വീര്‍ അഫ്സല് 12, സികന്ദര്‍ റാസ റണ്ണൗട്ട് 3, മാല്‍കം വാളര്‍ സി ഷാ ബി അയ്സാസ് ഖാന് 26, എള്‍ട്ടന്‍ ചിംഗുബര നോട്ടൗട്ട് 30, ടിരിപാനോ എല്‍.ബി. നദീം അഹമ്മദ് 0, വെല്ലിങ്ടണ്‍ മസകാഡ്സ 2, തിനാഷെ പന്യങ്കാര നോട്ടൗട്ട് 0. എക്സ്ട്രാസ്: 6. ആകെ (20 ഓവറില്‍ എട്ടിന്) 158. ബൗളിങ്: തന്‍വീര്‍ അഫ്സല് 4-0-19-2, ഹസീബ് അംജാദ് 3-0-41-0, നദീം അഹ്മ്മദ് 4-0-26-1, റയാന് കാംബല്‍ 4-0-26-0, അയ്സാസ് ഖാന് 4-0-33-2, അംശുമാന് റാത് 1-0-12-0.
ഹോങ്കോങ്ങ്- ജാമി ആറ്റ്കിന്സണ് സി വില്യംസ് ബി ടിരിപാനോ 53, റയാന് കാംബല്‍ സി ഹാമില്ട്ടന് മസകാഡ്സ ബി ടിരിപാനോ 9, ബാബര്‍ ഹയാത് എല്‍.ബി. വെല്ലിങ്ടണ്‍ മസകാഡ്സ 9, മാര്‍ക് ചാപ്മാന് സി സിബാന്‍ഡ ബി സികന്ദര്‍ റാസ 19, റാത് സി ടിരിപാനോ ബി ചാതാര 13, തന്‍വീര്‍ അഫ്സല് നോട്ടൗട്ട് 31, നിസാകത് ഖാന് സി വില്യംസ് ബി ചാതാര 0, അയ്സാസ് ഖാന് നോട്ടൗട്ട് 0. എക്സ്ട്രാസ്: 10. ആകെ (20 ഓവറില്‍ ആറിന്) 144. ബൗളിങ്: തിനാഷെ പന്യങ്കാര 4-0-27-0, ഡൊണാള്‍ഡ് ടിരിപാനോ 4-0-27-2, തെന്‍ഡെ ചാതാര 4-0-28-2, വെല്ലിങ്ടണ്‍ മസകാഡ്സ 4-0-30-1, സീന്‍ വില്യംസ് 2-0-14-0, സികന്ദര്‍ റാസ 2-0-10-1.