ഡിവില്ലിയേഴ്‌സ് ഇംഗ്ലണ്ടിനെ അടിച്ചൊതുക്കി

09:15am 22/2/2016

CbvymcLWIAA3MXZ

ജൊഹാനസ്ബര്‍ഗ്: എ.ബി. ഡിവില്ലിയേഴ്‌സിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിങ് അരങ്ങേറിയ ട്വന്റി20 മത്സരത്തില്‍ 172 റണ്‍സ് 14.4 ഓവറില്‍ കീഴടക്കി ദക്ഷിണാഫ്രിക്ക കസറി. ഇംഗ്‌ളണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയിച്ചതോടെ പരമ്പര 2-0ത്തിന് സ്വന്തമാക്കുകയും ചെയ്തു. 29 പന്തില്‍ 71 റണ്‍സുമായാണ് ഡിവില്ലിയേഴ്‌സ് വീണ്ടും അതിവേഗ സ്‌കോറിങ്ങിന്റെ ആശാനായത്. ആറു വീതം ഫോറും സിക്‌സും താരത്തിന്റെ ബാറ്റില്‍നിന്ന് പറന്നു. ഹാഷിം ആംല 38 പന്തില്‍ 69 റണ്‍സുമായി മികച്ച കൂട്ടുകാരനായി. ഫാഫ് ഡുപ്‌ളെസിസ് 21 പന്തില്‍ 22 റണ്‍സെടുത്തു. ഡിവില്ലിയേഴ്‌സ് കളിയിലെ താരവും ഇംറാന്‍ താഹിര്‍ പരമ്പരയിലെ താരവുമായി. നേരത്തേ, ജോ റൂട്ടും (34) ഓയിന്‍ മോര്‍ഗനും (38) ജോസ് ബട്‌ലറും (54) നല്‍കിയ തകര്‍പ്പന്‍ തുടക്കം മുതലാക്കാനാകാതെപോയതാണ് ഇംഗ്‌ളണ്ടിനെ 19.4 ഓവറില്‍ 171ല്‍ ഒതുക്കിയത്.