ഡീസല്‍ വാഹന നിരോധനം: കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും

10:55 pm 26/5/2016
images (7)
തിരുവനന്തപുരം: പത്തു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള 2000 സി.സിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. വിധി നടപ്പിലാക്കുന്നത് സംസ്ഥാനത്തെ ദോഷമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കുക. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
ട്രിബ്യൂണല്‍ വിധി ഒരു മാസത്തിനകം നടപ്പാക്കേണ്ടതുണ്ട്. കേസില്‍ കേരളത്തിന്റെ ഹര്‍ജി ഇനി കേള്‍ക്കുന്നത് ജൂലൈ അവസാനമാണ്. അതുവരെ കാത്തിരിക്കാന്‍ കഴിയാത്തതിനാലാണ് സംസ്ഥാനം അപ്പീല്‍ സമര്‍പ്പിക്കുന്നത്. വിധിയുമായി ബന്ധപ്പെട്ട വിശദാംശം പരിശോധിക്കാന്‍ ഉന്നതതല യോഗം വിളിച്ചതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. യോഗത്തിനു ശേഷമായിരിക്കും അപ്പീല്‍ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക.