09.30 AM 30/10/2016
തന്നെ അനുകരിച്ച ആറുവയസ്സുകാരിയെ തേടി ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തി. ഷാര്‍ജ മോഡല്‍ സ്കൂളിലെ ഒന്നാം ക്ലാസുകാരിയായ മുഹ്റയുടെ വീട്ടിലേക്കാണ് ഷെയ്ഖ് മുഹമ്മദ് അനുമോദനവുമായി എത്തിയത്.
ഷാര്‍ജ മോഡല്‍ സ്കൂളിലെ ഒന്നാം ക്ലാസുകാരി മുഹ്റ അഹമ്മദ് അല്‍ ഷേഹി സ്കൂള്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയ പ്രസംഗത്തിന്റെ റിഹേര്‍സലായിരുന്നു വൈറലായ ഈ വീഡിയോ. ചൂണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിച്ച് തീക്ഷ്ണമായ കണ്ണുകളോടെ ദുബായി ഭരണാധികാരിയെ അനുകരിച്ച ആറുവയസ്സുകാരിയുടെ വീഡിയോ ഒറ്റദിവസം കൊണ്ട് അരലക്ഷത്തോളം പേരാണ് കണ്ടത്. തന്നെ അനുകരിച്ച കൊച്ചുമിടുക്കിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഷേയ്ഖ് മുഹമ്മദ് വീഡിയോ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ആ ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
ഒടുവില്‍ മുഹറയെ തേടി ദുബായി ഭരണാധികാരി വീട്ടിലെത്തി. മടിയിലിരുത്തി മുത്തം കൊടുത്തു. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തന്റെ പ്രസംഗം ഒന്നുകൂടി അനുകരിക്കാമോയെന്ന് ചോദിച്ചു. ഒരു മടിയും കൂടാതെ ആറാംവയസ്സുകാരി പ്രസംഗം തുടങ്ങി. ഇതിനിടെ ചൂണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിക്കാന്‍ ഷേയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടപ്പോള്‍ സ്വല്പം നാണത്തോടെയും അനുസരണയോടെയും മുഹ്റ മിടുക്കിയായി അനുകരിച്ചു. പ്രസംഗം അനുകരിച്ച ബാലികയെ അനുമോദിക്കാന്‍ ഭരണാധികാരി നേരിട്ട് വീട്ടിലെത്തിയ ദൃശങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.