തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

03:50pm 23/05/2016
download
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് സര്‍വകലാശാല സെന്‍റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ. റൊസായ് സത്യവാചകം ചൊല്ലികൊടുത്തു. 15ാമത് തമിഴ്നാട് മന്ത്രിസഭയിലെ 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. മുഖ്യമന്ത്രിയെ കൂടാതെ മൂന്നു വനിതകളും മന്ത്രിസഭയിലുണ്ട്.

തുടര്‍ച്ചയായി ഇത് രണ്ടാംതവണയാണ് ജയലളിത മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ജയലളിത അഞ്ചു തവണ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലത്തെിയിട്ടുണ്ട്. പൊലീസ്, ആഭ്യന്തരം,പൊതുകാര്യം എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രി വഹിക്കുക.

കേന്ദ്രമന്ത്രിമാരായ പൊന്‍ രാധാകൃഷ്ണന്‍, വെങ്കയ്യ നായിഡു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിനിമ, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും ഡി.എം.കെ ട്രഷററും എം.എല്‍.എയുമായ എം.കെ സ്റ്റാലിനും ചടങ്ങില്‍ പങ്കെടുത്തു. 3200 പേരാണ് സെന്‍റിനറി ഹാളില്‍ എത്തിയിരുന്നത്. ചടങ്ങിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം പിരിഞ്ഞു.
അനുയായികളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക് തടയാന്‍ ഗതാഗത നിയന്ത്രണവും കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.