ദന്തരോഗങ്ങള്‍ക്ക് ആയുര്‍വേദം

09:30am 20/5/2016

download (4)
പല്ലുകള്‍ക്ക് സംഭവിക്കുന്ന തകരാറുകള്‍ ശരീരത്തെ ആകെ ബാധിക്കും. പല്ലുവേദന, നീര്‍ക്കെട്ട്, പല്ലില്‍ പോട് തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ദന്തസംരക്ഷണത്തിന്റെ അഭാവത്തിലുണ്ടാകുന്നത്
പല്ലിന്റെ ആരോഗ്യം സ്ത്രീകളെ എക്കാലത്തും അലട്ടിക്കൊണ്ടിരിക്കും. അതിനു പുറമേ സൗന്ദര്യപ്രശ്‌നങ്ങളും. നമ്മുടെ ജീവിതശൈലിയുടെ പ്രത്യേകതയാണ് വര്‍ധിച്ചു വരുന്ന ദന്തരോഗങ്ങള്‍ക്ക് ഒരു പ്രധാന കാരണം. ജീവിതത്തിലെ തിരക്കുകള്‍ മൂലം സ്ത്രീകള്‍ക്ക് പലപ്പോഴും ദന്തസംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. പല്ലുകള്‍ക്ക് പ്രത്യേക സംരക്ഷണം ഉണ്ടയേതീരൂ.
പല്ലുകള്‍ക്ക് സംഭവിക്കുന്ന തകരാറുകള്‍ ശരീരത്തെ ആകെ ബാധിക്കും. പല്ലുവേദന, നീര്‍ക്കെട്ട്, പല്ലില്‍ പോട് തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ദന്തസംരക്ഷണത്തിന്റെ അഭാവത്തിലുണ്ടാകുന്നത്. ദന്തരോഗങ്ങളെല്ലാം ശരിയായി ചികിത്സിച്ചില്ലെങ്കില്‍ മോണയില്‍നിന്ന് താടിയെല്ലിലേക്കും തുടര്‍ന്ന് ചെവിയിലും തലച്ചോറിലും വരെ പഴുപ്പ് എത്തുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ ദന്തരോഗങ്ങള്‍ ശരിയായ ചികിത്സ ആവശ്യമാണ്. ദന്തസംരക്ഷണത്തിന് ആയുര്‍വേദം ചില ചിട്ടകള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. കാരണം ജീവിതചര്യയുടെ ശാസ്ത്രമാണല്ലോ ആയുര്‍വേദം.
പല്ലുവേദന
വളരെ അപ്രതീക്ഷിതമായിട്ടായിരിക്കും പല്ലുവേദന അനുഭവപ്പെടുന്നത്. ആയുര്‍വേദത്തില്‍ പല്ലുവേദനയ്ക്ക് നിരവധി കാരണങ്ങള്‍ ഉണ്ട്. കൃമികളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന കൃമിദന്തം, കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിന് ഉണ്ടാകുന്ന ചെറിയ ഇളക്കം, പുളിപ്പുപോലുള്ള വേദനകള്‍, പല്ലില്‍ വാതം കോപിച്ച് തണുത്ത ആഹാരം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ശീതദന്തം, കഫദോഷം, രക്തത്തോട് ചേര്‍ന്നുനിന്നുകൊണ്ട് രണ്ടൂമൂന്നു പല്ലുകളോട് ചേര്‍ന്ന് കുമിളകള്‍ ഉണ്ടാകുന്ന ദന്തകുക്കുടം, പല്ലിന്റെ മധ്യത്തില്‍ ഉണ്ടാകുന്ന സുഷിരങ്ങള്‍, വീഴ്ചകള്‍ മൂലമോ മറ്റു കാരണങ്ങളാലോ പല്ലിന് ഇളക്കംതട്ടി മുറിവുകള്‍ ഉണ്ടായി പഴുപ്പ് മോണയിലേക്കു ഇറങ്ങുന്ന വിദര്‍ഫ ദന്തരോഗം തുടങ്ങിയവയെല്ലാം പല്ലുവേദനയ്ക്കു കാരണമാകാം. പല്ലുവേദനയ്ക്ക് ശമനം ലഭിക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന പൊടിക്കൈകളുണ്ട്.
1. ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുകയോ തേന്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിന്റെ ദ്വാരത്തില്‍ വയ്ക്കുകയോ ചെയ്യുക.
2. എരുക്ക്, ഏഴിലം പാല, പപ്പായ കറ ഇവ കൃമിയുള്ള പല്ലിന്റെ ദ്വാരത്തില്‍ കടത്തിവയ്ക്കുകയോ, പഞ്ഞിയില്‍ കടിച്ചു പിടിക്കുകയോ ചെയ്യുക.
3. ഖദിരാദി ഗുളിക തേനിലോ ഉപ്പു വെള്ളത്തിലോ ചാലിച്ച് മോണയില്‍ തേയ്ക്കുകയോ കേടുള്ള പല്ലില്‍ വയ്ക്കുകയോ ചെയ്യുക.
4. അരിമേദാദി എണ്ണ ചൂടുവെള്ളത്തില്‍ ഒഴിച്ച് കവിള്‍ കൊള്ളുകയോ ഉച്ചിയില്‍ ഒന്നോ രണ്ടോ തുള്ളി തേയ്ക്കുകയോ ചെയ്യുക.
5. ത്രിഫലചൂര്‍ണ്ണം തേനില്‍ ചാലിച്ച് മോണയില്‍ പുരട്ടുകയോ വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുകയോ ചെയ്യാവുന്നതാണ്.