ലക്‌നൗ: പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ലാഹോറിലെ വസതിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കണ്ടെന്ന് യു.പി മന്ത്രി അസം ഖാന്റെ വാദം കേന്ദ്രസര്‍ക്കാര്‍ തള്ളി. വ്യാജമായ ആരോപണമാണ് അസം ഖാന്‍ ഉന്നയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
രാജ്യന്തര നിയമങ്ങള്‍ ലംഘിച്ച് പാകിസ്താന്‍ സന്ദര്‍ശിച്ച മോദി ശരീഫിന്റെ വീട്ട്ില്‍ വെച്ച് ദാവൂദ് ഇബ്രാഹിമിനെ കണ്ടുവെന്നാണ് അസം ഖാന്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം മോദി നിഷേധിക്കുകയാണെങ്കില്‍ തെളിവ് നല്‍കാം. ആരെല്ലാം അടച്ചിട്ട മുറിയില്‍ ഉണ്ടായിരുന്നുവെന്നും പറയാം. 2015 ഡിസംബര്‍ 25ന് ശരീഫ്, ശരീഫിന്റെ മാതാവ്, ഭാര്യ, മക്കള്‍ എന്നിവര്‍ക്കൊപ്പം ദാവൂദും ലാഹോറിലെ വസതിയില്‍ ഉണ്ടായിരുന്നുവെന്നാണ് അസം ഖാന്‍ ആരോപിച്ചത്. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ശേഷം ദാവൂദ് ഇബ്രാഹിമും ശരീഫിന്റെ പേരക്കുട്ടിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള രാഷ്ട്രീയ നേതാവാണ് അസം ഖാനെന്നും വാസ്തവമില്ലാത്ത പ്രസ്താവന അദ്ദേഹം നടത്താറില്ലെന്നും കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു. അസം ഖാന്റെ പ്രസ്താവനക്കെതിരെ ഭരണകക്ഷിയായ ബി.ജെ.പി രംഗത്തെത്തി. മന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി നേതാവ് സുധന്‍ഷു മിത്തല്‍ ആരോപണം ഞെട്ടിച്ചെന്ന് പ്രതികരിച്ചു.