ദീപ പറഞ്ഞതു കളളം ഹിന്ദി അറിയാമെന്നു വെളിപ്പെടുത്തല്‍

12:44pm 10/5/2016

download (1)
കൊച്ചി: തനിക്കു ഹിന്ദി അറിയില്ലെന്ന്‌ കുറുപ്പംപടിയില്‍ കൊലപാതകത്തിനിരയായ ജിഷയുടെ സഹോദരി ദീപ പറഞ്ഞതു പച്ചക്കള്ളമെന്ന്‌ പോലീസിനു വിവരം ലഭിച്ചു. ദീപ വളയന്‍ചിറങ്ങരയിലെ ബേക്കറിയില്‍ ജോലി ചെയ്‌തിരുന്ന സമയത്ത്‌ അവിടെ വരുന്ന ഇതര സംസ്‌ഥാനക്കാരോട്‌ ഹിന്ദി സംസാരിച്ചിരുന്നതായി ബേക്കറിയുടമ വെളിപ്പെടുത്തി.
മലയാളമല്ലാതെ മറ്റൊരു ഭാഷയും തനിക്കറിയില്ലെന്നാണു ദീപ അവകാശപ്പെട്ടിരുന്നത്‌. ഇവര്‍ പോലീസിനും വനിതാ കമ്മിഷനും നല്‍കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്നും സൂചന ലഭിച്ചു.
വീട്‌ നിര്‍മാണത്തിനു വന്നവരില്‍നിന്ന്‌ അമ്മയ്‌ക്കും ജിഷയ്‌ക്കും ഭീഷണിയുണ്ടായിരുന്നെന്ന്‌ ദീപ പോലീസിനു മൊഴി നല്‍കിയിരുന്നു. നിര്‍മാണത്തിനിടെ കൂലിത്തര്‍ക്കമുണ്ടായെന്ന മറ്റൊരു മൊഴിയും പോലീസിനു ലഭിച്ചിട്ടുണ്ട്‌. വിഷുവിനു മുന്‍പായിരുന്നു ഇതെന്നും പറഞ്ഞു. എന്നാല്‍ ഭീഷണിപ്പെടുത്തിയതു മലയാളിയാണെന്നാണു ദീപ പിന്നീടു പറഞ്ഞത്‌. വനിതാ കമ്മിഷനു നല്‍കിയ മൊഴിയില്‍ ദീപ ഇക്കാര്യം സൂചിപ്പിച്ചില്ലെന്നാണ്‌ വിവരം.
അന്വേഷണത്തിന്റെ ഭാഗമായി ദീപയുടെ മൊബൈല്‍ ഫോണ്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. രണ്ടു ഫോണുകള്‍ ഉപയോഗിച്ചിരുന്നതായാണ്‌ വിവരം. ദീപയുടെ സുഹൃത്തായ ബ്യൂട്ടീഷ്യന്റെ ഫോണ്‍ കോളുകളും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌.
അതിനിടെ, മാധ്യമങ്ങള്‍ കുപ്രചാരണം നടത്തുന്നതായി ദീപ ആരോപിച്ചു. അപമാനിക്കാനായി ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും തന്റെ സുഹൃത്തുക്കളെന്ന നിലയില്‍ ആരും ജിഷയെ പരിചയപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. അയല്‍വാസികള്‍ക്കു തങ്ങളുമായി ശത്രുതയുണ്ട്‌. അമ്മയ്‌ക്കു നാലു പേരെ സംശയമുണ്ട്‌.
അറിയാവുന്ന കാര്യങ്ങള്‍ പോലീസിനോടും വനിതാ കമ്മിഷനോടും പറഞ്ഞിട്ടുണ്ടെന്നും ദീപ പറയുന്നു.