ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വാഹന ഉടമ സംഘടനകളുടെ

11.20 PM 28-05-2016
ntc-1
കൊച്ചി:പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കോര്‍പ്പറേഷനുകളുടെ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വാഹന ഉടമ സംഘടനകളുടെ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കണമെന്നാണ് ട്രൈബ്യൂണല്‍ ഉത്തരവ്. ഇതിനെതിരെനിയമപരമായി മുന്നോട്ടുപോകും. ഉത്തരവ് പിന്‍വലിപ്പിക്കാന്‍ സാധ്യമായ നടപടികളെല്ലാം സര്‍ക്കാരും സ്വീകരിക്കണം. ശാസ്ത്രീയ പഠനവും അഭിപ്രായ സമന്വയവും കൂടാതെയുള്ള ഉത്തരവ് തികച്ചും അപ്രായോഗികമാണ്. ഡല്‍ഹിയില്‍ ഈ ഉത്തരവ് നടപ്പാക്കിയപ്പോള്‍ ഇന്ധനം സിഎന്‍ജിയിലേക്ക് മാറുവാനുള്ള സാവകാശം നല്‍കുകയും കാലാവധി പലതവണ നീട്ടി നല്‍കുകയും ചെയ്തു. എന്നാല്‍ ഇവിടെ പുറപ്പെടുവിച്ച ഉത്തരവില്‍ സംസ്ഥാനത്ത് സിഎന്‍ജി ലഭ്യമാണോയെന്ന് വ്യക്തമാക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ സാഹചര്യം മനസിലാക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരുമാസത്തിനകം ഓട്ടോറിക്ഷമുതല്‍ വലിയ ട്രക്ക് വരെയുള്ള ലക്ഷക്കണക്കിന് വാഹനങ്ങള്‍ നിരത്തില്‍നിന്നും പിന്‍വലിക്കേണ്ടിവരുമ്പോള്‍ യാത്രയെയും ചരക്കുനീക്കത്തെയും ബാധിക്കും. വിലക്കയറ്റവും രൂക്ഷമാകും. വാഹന ഉടമകളെ കൂടാതെ 15 ലക്ഷത്തോളം ജീവനക്കാരും അവരുടെ കുടുംബങ്ങളും ദുരിതത്തിലാകും. രണ്ടു ലക്ഷത്തിലധികം ലോറികളെ ബാധിക്കും. ഇതില്‍ 75,000ത്തിലധികം വലിയ ട്രക്കുകളും ഉള്‍പ്പെടും. അന്യസംസ്ഥാനങ്ങളില്‍നിന്നുമുള്ള 10 വര്‍ഷം കഴിഞ്ഞ ലോറികള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നതും തടയപ്പെടും. 8000 സ്വകാര്യബസുകളും 2600 കെഎസ്ആര്‍ടിസി ബസുകളും കട്ടപ്പുറത്താകും. ഒരു ബസ് നിരത്തിലിറക്കുന്നതിന് 27 ലക്ഷം രൂപയോളം ചിലവുവരും. ടൂറിസ്റ്റ് ബസാണെങ്കില്‍ 60 ലക്ഷം രൂപയാകും. 10 വര്‍ഷത്തിനുള്ളില്‍ ഇത് തിരികെ പിടിക്കാന്‍ കഴിയില്ല. സ്‌റ്റേജ് കാര്യേജുകള്‍ക്ക് 15 വര്‍ഷമായി നിജപ്പെടുത്തിയിട്ടുള്ള പ്രായപരിധി 20 വര്‍ഷമായി ഉയര്‍ത്തണമെന്നുള്ള ആവശ്യം നിലനില്‍ക്കുമ്പോഴാണ് 10 വര്‍ഷമാക്കിയുള്ള ഉത്തരവ് വരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു, കെ.ആര്‍ രവി, സെബാസ്റ്റിയന്‍ കുറ്റിക്കാട്, എം.ബി സത്യന്‍, കെ പി വത്സലന്‍ എന്നിവര്‍ പങ്കെടുത്തു.