ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ അത്ര നല്ല ബന്ധമല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോള്‍ ധോണിക്കെതിരെ ഗംഭീര്‍ വീണ്ടും രംഗത്തെത്തി. ഇന്ത്യന്‍ ടീമിലെ മികച്ച ഫിനിഷര്‍ ധോണിയല്ല. അത് മാധ്യമങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്ത പട്ടം മാത്രമാണെന്നും ഗംഭീര്‍ പറഞ്ഞു.
ഇന്ത്യയുടെ മികച്ച ഫിനിഷര്‍ ധോണിയല്ല, അത് വിരാട് കോഹ്ലിയാണ്. ഒരു ബാറ്റ്സ്മാന്‍ ആറോ ഏഴോ സ്ഥാനത്ത് ഇറങ്ങയാലേ ഫിനിഷര്‍ ആകൂ എന്നില്ല. കളി ഫിനിഷ് ചെയ്യുന്നത് ഒരു ഓപ്പണര്‍ ആയാല്‍ പോലും അത് ഫിനിഷറാണ്. ഈ രീതിയിലാണെങ്കില്‍ കോഹ്ലിയുടെ ഫിനിഷിംഗ് മികവ് വളരെ മികച്ചതാണെന്ന് ഗംഭീര്‍ പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍. എന്നാല്‍ ഇന്ത്യയുടെ തോല്‍വികള്‍ക്ക് നായകന്‍ ധോണിയെ കുറ്റപ്പെടുത്താനാകില്ലെന്നും ഗംഭീര്‍ പറഞ്ഞു. ഒരു ടീമിന്റെ നായകന് ചെയ്യാന്‍ കഴിയുന്നതിന് പരിധികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ 2011 ലോകകപ്പ് കളിച്ചത് സച്ചിനു ലോകകപ്പ് നേടി കൊടുക്കാന്‍ അല്ല മറിച്ച് രാജ്യത്തിനു ലോകകപ്പ് സമ്മാനിക്കാന്‍ ആണ് രാജ്യത്തിനു വേണ്ടി കളിക്കുന്നതാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനം, രാജ്യം വ്യക്തികളെക്കാള്‍ വലുതാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു