10.26PM 27/10/2016
കോല്‍ക്കത്ത: ഇന്ത്യന്‍ ഏകദിന ടീം നായകന് മഹേന്ദ്രസിംഗ് ധോണി നാലാം നമ്പറില്‍ തന്നെ ബാറ്റു ചെയ്യാന്‍ ഇറങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. നാലാം നമ്പറില്‍ ബാറ്റു ചെയ്യാനിറങ്ങുന്ന ധോണിക്ക് മത്സരം ജയിപ്പിക്കാന്‍ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു. കിവീസിനെതിരായ നാലാം ഏകദിനത്തിലെ തോല്‍വിക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ധോണിയെ നാലാം നമ്പറില്‍ കളിക്കാന്‍ അനുവദിക്കൂ. അദ്ദേഹത്തിന് ആ സ്ഥാനത്തു മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയും. ഫിനിഷറായി വരുന്ന ബാറ്റ്സ്മാന് 40ാം ഓവറിനു ശേഷം മാത്രമേ ബാറ്റിംഗിനിറങ്ങാവൂ എന്നു നിയമമില്ല. മൂന്നാം സ്ഥാനത്തിറങ്ങുന്ന വിരാട് കോഹ്ലിക്കു മത്സരം ജയിപ്പിക്കാന്‍ കഴിയുന്നുണ്ട്. വലറ്റത്ത് ഇറങ്ങിയാല്‍ മാത്രമേ മത്സരം ജയിപ്പിക്കാന്‍ കഴിയൂ എന്ന ചിന്ത തെറ്റാണ്. നാലാം സ്ഥാനത്തു ധോണി കളിക്കാനിറങ്ങുന്നത് എതിര്ടീമിനുമേല് ഇന്ത്യക്കു മേല്‍ക്കൈ നല്‍കും ഗാംഗുലി പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ 19 റണ്‍സിനു തോല്‍വി വഴങ്ങിയിരുന്നു. 45 റണ്‍സെടുത്ത വിരാട് കോഹ്ലി മടങ്ങിയശേഷം എത്തിയവരില്‍ ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. വിരാട് കോഹ്ലിയെ കൂടുതലായി ആശ്രയിക്കുന്നതല്ല, മറിച്ച് കിവീസ് മികച്ച ടീമായതുകൊണ്ടാണ് അവര്‍ക്കു ജയിക്കാന്‍ കഴിഞ്ഞതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.