നാഗ്ജി ഫുട്ബാള്‍ ഫൈനല്‍ ഇന്ന്;

08:36am
21/2/2016
th (3)

കോഴിക്കോട്: മലയാളി ഫുട്ബാള്‍ പ്രേമികളുടെ അഭിമാനമായ നാഗ്ജി പോരാട്ടത്തിന് ഞായറാഴ്ച ചരിത്ര നിമിഷം. ബ്രസീലിയന്‍ ക്‌ളബ് അത്‌ലറ്റികോ പരാനെന്‍സും യുക്രെയ്‌നില്‍നിന്നുള്ള നിപ്രൊ പെട്രോസ്‌കും മാറ്റുരക്കുന്ന കലാശപ്പോരാട്ടത്തില്‍ കിരീടം ആരുയര്‍ത്തിയാലും 64 വര്‍ഷത്തെ നാഗ്ജി പാരമ്പര്യത്തിന് പുതിയൊരു വഴിത്തിരിവായിരിക്കും. മൂന്നുതവണ മാത്രം ഇന്ത്യന്‍ അതിര്‍ത്തി കടന്ന കിരീടം ഇതാദ്യമായാണ് ഏഷ്യന്‍വന്‍കരക്ക് പുറത്തേക്ക് പറക്കാനൊരുങ്ങുന്നത്. 1952ല്‍ ആരംഭിച്ച നാഗ്ജിയുടെ ചരിത്രത്തില്‍ 1955, 56 വര്‍ഷങ്ങളില്‍ പാകിസ്താനില്‍നിന്നുള്ള കറാച്ചി കിക്കേഴ്‌സും ബംഗ്‌ളാദേശില്‍നിന്നുള്ള അബഹാനി ക്രിരചക്രയും (1989) മാത്രമേ ഇന്ത്യക്ക് പുറത്തുനിന്നത്തെി കിരീടവുമായി കടന്നിട്ടുള്ളൂ.

21 വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും പന്തുരുണ്ട് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ച എട്ടു ടീമും വിദേശികളെന്ന പ്രത്യേകതയുണ്ട്. ആറു ടീമുകള്‍ യൂറോപ്പില്‍നിന്നും രണ്ടുപേര്‍ ലാറ്റിനമേരിക്കയില്‍നിന്നും. ഗ്രൂപ് ‘എ’ ചാമ്പ്യന്മാരായ പരാനെന്‍സ് സെമിയില്‍ ഷംറോക് റോവേഴ്‌സിനെ തോല്‍പിച്ചപ്പോള്‍, ‘ബി’ ജേതാക്കളായ നിപ്രൊ, വാറ്റ്‌ഫോഡ് എഫ്.സിയെ വീഴ്ത്തിയാണ് കലാശപ്പോരാട്ടത്തിന് ഇടംനേടിയത്.