കലഭവന്‍ മണിയുടെ മരണത്തോടെ കേരളത്തിന് നഷ്ടമായത് നാടന്‍പാട്ടുകളുടെ കുലപതിയെയാണ്. സാധാരണക്കാരുടെ മനസിന്റെ ആഴങ്ങളിലേക്കു ഒഴുകിയിറങ്ങുന്നതായിരുന്നു മണിയുടെ നാടന്‍ പാട്ടുകള്‍. അനുകരണ കലയിലൂടെ കലാരംഗത്ത് സജീവമായിരുന്നെങ്കിലും അദ്ദേഹം നാടന്‍പാട്ടിലൂടെയാണ് ജനകീയനായത്. പ്രായഭേദമന്യേ എല്ലാവരുടേയും ചുണ്ടുകളില്‍ ആ പാട്ടുകള്‍ തത്തിക്കളിച്ചു. മണിയുടെ കാസറ്റുകള്‍ ചൂടപ്പം പോലെയായിരുന്നു ഒരു കാലത്ത് വിറ്റഴിഞ്ഞിരുന്നത്. സാധാരണക്കാരുടെ പള്‍സ് തൊട്ടറിയാന്‍ ഈ നടനു പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. അതുതന്നെയായിരുന്നു മണിയുടെ മുതല്‍ക്കൂട്ട്. നാടന്‍ പാട്ടുകളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിലും സിനിമാപാട്ടുകള്‍ക്ക് സമാന്തരമായി നാടന്‍ പാട്ടുകളെ അവതരിപ്പിച്ച് ജനകീയമാക്കുന്നതിലും മണി നല്‍കിയ സംഭാവനയാണ് വളരെ വലുതാണ്. തന്റെ ജീവിതം തന്നെയാണ് പാട്ടുകളിലൂടെ മണി അവതരിപ്പിച്ചത്. ദാരിദ്രവും ദുഖവും നിറഞ്ഞ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ ആദ്ദേഹത്തിന്റെ നാടപ്പാട്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു. മണിക്ക് മാത്രം സാധ്യമാകുന്ന നിരവധി വേഷങ്ങള്‍ക്കൊപ്പം മലയാളികളെ മണിയോട് ചേര്‍ത്ത് നിര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ജനകീയമായ നാടന്‍ പാട്ടുകള്‍ക്കും വലിയ പങ്കുണ്ട്. മണ്ണിന്റെ മണമുള്ള പാട്ടുകള്‍ അതിന്റെ തന്മയത്തത്തോടെ അവതരിപ്പിക്കാനുള്ള മണിയുടെ കഴിവ് അപാരമായിരുന്നു. മണി പാടുമ്പോള്‍ ആ പാട്ടുകള്‍ക്ക് മനുഷ്യഹൃദയത്തെ തൊടാനുള്ള ശേഷിയുണ്ടായിരുന്നു. മണി അഭിനയിച്ച മിക്ക സിനിമകളിലും അദ്ദേഹത്തിന്റെ പാട്ടുകളുണ്ടായിരുന്നു. മണ്ണിന്റെ മണമുള്ള ഒരുപിടി നല്ല ഗാനങ്ങള്‍ മനസില്‍ ബാക്കിയാക്കി തന്റെ പ്രശസ്തമായ ങ്യാഹ്ഹ്ഹ് എന്ന ചിരിയുടെ അലയൊലികള്‍ക്കിടയിലൂടെ മണി യാത്രയാകുമ്പോള്‍ മലയാളികളുടെ നെഞ്ചിനുള്ളില്‍ ഒരു വിങ്ങല്‍മാത്രമാണ് അവശേഷിക്കുന്നത്.