നാലു ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

12.45 PM 10-06-2016
1_See_It
അടുത്ത നാലു ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരമേഖലയില്‍ അന്‍പത്തിയഞ്ച് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലടക്കം പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുകയാണ്.
അടുത്ത തിങ്കളഴ്ച വരെ സംസ്ഥാനത്ത് നാല് സെന്റിമീറ്ററിനടുത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍. ഉത്തരകേരളത്തില്‍ എട്ട് സെന്റ് മീറ്റര്‍വരെ മഴക്കും സാധ്യതയുണ്ട്. തീരമേഖലയില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വിശുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മല്‍സ്യ തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണം.
മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പൊന്‍മുടിയുള്‍പ്പടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. അരമണിക്കൂര്‍ നിര്‍ത്താത മഴപെയ്താല്‍ കൊച്ചി നഗരത്തിലേതുള്‍പ്പടെ പ്രധാന റോഡുകളില്‍ വെള്ളം നിറയും. ഇത് ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നു.
മസ്തിഷ്‌ക മലമ്പനി റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പനി, വിറയല്‍, ചര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയുംവേഗം ചികില്‍സതേടണമെന്ന് ആര്യോഗ്യവകുപ്പ് അറിയിച്ചു.