09:39 am 28/10/2016
ഇസ്ലാമാബാദ്: നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ കവര്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ ഷര്‍ബത് ഗുല അറസ്റ്റില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) ഇവരെ അറസ്റ്റ് ചെയ്തത്. പാക് പൗരന്മാര്ക്ക് നല്കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഇവര്‍ വ്യാജമായി ഉണ്ടാക്കിയതായും ഇതോടെ ഇരട്ടപപൗരത്വം നേടിയെടുത്തതായും എഫ്ഐഎ അറിയിച്ചു.
1984ല്‍ ആഭ്യന്തരയുദ്ധം രൂക്ഷമായിരുന്ന സമയം നാഷനല്‍ ജ്യോഗ്രഫിക് ഫൊട്ടോഗ്രഫര്‍ സ്റ്റീവ് മക്കറിയാണ് ഷാര്‍ബദ് ഗുലയുടെ പ്രശസ്തമായ ചിത്രം പകര്‍ത്തിയത്. പച്ച കണ്ണുകളായിരുന്നു ചിത്രത്തിന്റെ സവിശേഷത. 1985ല്‍ മാഗസിന്റെ കവര്‍ചിത്രമായി ഈ ചിത്രം അച്ചടിച്ചു. അഫ്ഗാനിലെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇവര്‍ പാകിസ്ഥാനിലേക്കു പലായനം ചെയ്തു. ചിത്രം വന്‍ പ്രചാരം നേടിയതോടെ അഫ്ഗാന് മോണാലിസ എന്ന വിശേഷണം ഇവര്‍ക്കു ലഭിച്ചു.
പാക്കിസ്ഥാന് പീനല്‍ കോഡിലെ സെക്ഷന്‍ 419, 420 വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 5(2) പ്രകാരവുമാണ് കേസ് ഷര്‍ബത് ഗുലയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.