30-03-2016
വേനല്‍ക്കാലത്തു നിയമം തെറ്റിച്ചു കുടിവെള്ള വില്‍പന നടത്തുന്ന ടാങ്കര്‍ ലോറിക്കാര്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ പിഴയിടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനവ്യാപകമായി പരിശോധന തുടങ്ങി. വാഹനങ്ങളില്‍ ടാങ്കുകള്‍ ഉറപ്പിച്ച് ഇപ്പോള്‍ പലയിടങ്ങളിലും വെള്ളം വില്‍ക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ലൈസന്‍സില്ലാതെ വെള്ളക്കച്ചവടം നടത്തുന്നവരെ പിടികൂടാനാണു ഭക്ഷ്യസുരക്ഷാവകുപ്പിന്റെ സ്‌ക്വാഡുകള്‍ ഇറങ്ങുന്നത്.
ഒരു വര്‍ഷത്തേക്കോ രണ്ടു വര്‍ഷത്തേക്കോ ഉള്ള പ്രത്യേക ലൈ!സന്‍സ് ഇത്തരം കുടിവെള്ള വിതരണം നടത്താന്‍ നിര്‍ബന്ധമാണ്. കൂടാതെ, വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടും ലൈസന്‍സിനായി ഹാജരാക്കണം. വെള്ളമെടുക്കുന്ന കിണറിന്റെയോ കുളത്തിന്റെയോ ഉടമസ്ഥരും ഇത്തരം പരിശോധനാ റിപ്പോര്‍ട്ട് സൂക്ഷിക്കേണ്ടതാണ്.
പലയിടത്തും വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്നു വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വെള്ള വില്‍പനക്കാരെ പ്രത്യേകമായി നിരീക്ഷിക്കും. തുടര്‍പരിശോധന നടത്തും. വ്യവസ്ഥകള്‍ പാലിക്കാത്തവരില്‍നിന്നു പിഴയീടാക്കും.
20 ലീറ്ററിന്റെ ക്യാനുകളില്‍ വെള്ളമെത്തിക്കുന്നവര്‍ക്കു പിന്നാലെയും വകുപ്പുണ്ട്. ഈ രീതിയില്‍ വെള്ളവിതരണം നടത്തുന്നവര്‍ നിര്‍ബന്ധമായും ഐഎസ്‌ഐ അംഗീകാരം നേടിയിരിക്കണമെന്നാണു നിയമം. ഇതു ലംഘിക്കുന്ന യൂണിറ്റുകള്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കും. വ്യവസായ ആവശ്യത്തിനു നിര്‍മിക്കുന്ന ഐസ് ഉപയോഗിച്ചു ജ്യൂസും മറ്റു പാനീയങ്ങളും തണുപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. വെള്ള പരിശോധന കൃത്യമായി നടത്തുന്ന പ്ലാന്റുകളില്‍നിന്നുള്ള ഐസ് കട്ടകളേ ഉപയോഗിക്കാവൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.