11:01am
16/2/2016
തിരുവനന്തപുരം: സോളാര്‍ കമീഷനെ ഭീഷണിപ്പെടുത്തിയ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളം നിയന്ത്രണാധീതമായതോടെ സ്പീക്കര്‍ എന്‍. ശക്തന്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാത്യു ടി. തോമസാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു.
മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ അഭിഭാഷകരും സോളാര്‍ ജുഡീഷ്യല്‍ കമീഷനെ ഭീഷണിപ്പെടുത്തുന്നതായും സമ്മര്‍ദം ചെലുത്തുന്നതായും മാത്യു ടി. തോമസ് ആരോപിച്ചു. വിഷയം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജുഡീഷ്യല്‍ കമീഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭാ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. ഏതെങ്കിലും തരത്തിലുമുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ ജുഡീഷ്യല്‍ കമീഷന് അധികാരമുണ്ടെന്നും എന്‍. ശക്തന്‍ സഭയെ അറിയിച്ചു.
തുടര്‍ന്ന് ഇടപെട്ട് സംസാരിച്ച മാത്യു ടി. തോമസ് കമീഷനെ മന്ത്രി ഭീഷണപ്പെടുത്തിയ വിഷയമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് വ്യക്തമാക്കി. എന്നാല്‍, മന്ത്രി ഭീഷണിപ്പെടുത്തിയ സംഭവത്തിലും നടപടി സ്വീകരിക്കാന്‍ കമീഷന് അധികാരമുണ്ടെന്ന് പറഞ്ഞ സ്പീക്കര്‍ മറ്റ് കാര്യപരിപാടിയിലേക്ക് കടന്നു.
സ്പീക്കറുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍ ബഹളംവെക്കാന്‍ തുടങ്ങി. ഇതോടെ സഭാ നടപടികള്‍ സ്പീക്കര്‍ നിറുത്തിവെക്കുകയായിരുന്നു.