കൊച്ചി: ജോര്‍ജ് സ്വമേധയാ എം.എല്‍.എ സ്ഥാനം രാജിവച്ചത് സ്പീക്കര്‍ പരിഗണിക്കേണ്ടിയിരുന്നു. ജോര്‍ജിന്റെ ഭാഗം കേള്‍ക്കാന്‍ സ്പീക്കര്‍ തയാറായില്ല. ജോര്‍ജിന്റെ രാജിക്കത്ത് പുനഃപരിശോധിച്ച് സ്പീക്കര്‍ നിയമമാനുസൃതം നടപടി സ്വീകരിക്കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കിയുള്ള ഉത്തരവില്‍ സ്പീക്കറുടെ ഒപ്പോ സീലോ ഉണ്ടായിരുന്നില്ല. ഈ അവസരത്തില്‍ സ്പീക്കര്‍ക്കെതിരെ കൂടുതല്‍ പരാമര്‍ശം നടത്തുന്നില്ലെന്നും കോടതി പറഞ്ഞു. രാജിവച്ച തന്നെ അയോഗ്യനാക്കിയ സ്പീക്കര്‍ എന്‍.ശക്തന്റെ നടപടി ചോദ്യം ചെയ്താണ് ജോര്‍ജ് കോടതിയെ സമീപിച്ചത്.
ദൈവം വലിയവനാണെന്ന് വിധിയിലൂടെ വെളിപ്പെട്ടുവെന്നായിരുന്നു ജോര്‍ജിന്റെ മറുപടി. സ്പീക്കര്‍ തന്റെ രാജിക്കത്ത് തള്ളിക്കളയുകയും അയോഗ്യത കോടതി റദ്ദാക്കുകയും ചെയ്തതോടെ താന്‍ ഇപ്പോഴും എം.എല്‍.എ ആയി തുടരുകയാണ്. തനിക്കെതിരെ ഗൂഢാലോചന നടത്തിയ ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയും സ്പീക്കറും മാന്യതയുണ്ടെങ്കില്‍ രാജിവയ്ക്കുകയാണ് വേണ്ടത്. നിയമസഭാ സെക്രട്ടറി എഴുതിക്കൊടുത്തത് സ്പീക്കര്‍ വായിക്കുക മാത്രമാണ് ചെയ്തത്. ഉമ്മന്‍ ചാണ്ടിക്കു വേണ്ടിയാണ് നിയമസഭാ സെക്രട്ടറി പ്രവര്‍ത്തിച്ചത്. വിധി പഠിച്ചശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും ജോര്‍ജ് പറഞ്ഞു.
അതേസമയം, ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് പ്രതികരിച്ചു. എന്തുകൊണ്ടാണ് കോടതി സ്പീക്കറുടെ നടപടി റദ്ദാക്കിയത് എന്നറിയില്ലെന്നും ഉണ്ണിയാടന് പറഞ്ഞു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജോര്‍ജിനെ എം.എല്‍.എ സ്ഥാനാര്ത്തുനിന്ന് അയോഗ്യനാക്കണമെന്ന് കാണിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് കഴിഞ്ഞ വര്‍ഷം ജൂലൈ 21നാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. തുടര്‍ന്ന് നടന്ന ഇരുവിഭാഗങ്ങളുടെയും വാദങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷം നവംബര്‍ 13നാണ് ജോര്‍ജിനെ അയോഗ്യനാക്കി സ്പീക്കര്‍ വിധി പറഞ്ഞത്. ഇതിനു ദിവസങ്ങള്‍ക്കു മുന്‍പ് ജോര്‍ജ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. വിധി വരുന്നതിനു തലേദിവസം സമര്‍പ്പിച്ച രാജിക്കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്.
2015 ജൂണ്‍ മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ജോര്‍ജിനെ അയോഗ്യനാക്കിയത്. പതിമൂന്നാം നിയമസഭയുടെ കാലാവധി തീരുന്നത് വരെയായിരുന്നു അയോഗ്യത. എന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും നിയമസഭാംഗമെന്ന നിലയില്‍ ജോര്‍ജ് കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.