നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് തൊഴിലാളി മരിച്ചു

11.10 PM 14-05-2016
download

പറവൂരില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് തൊഴിലാളി മരിച്ചു. പറവര്‍ പുത്തന്‍വേലിക്കരയില്‍ നിര്‍മാണം നടക്കുന്നതിനിടെ തകര്‍ന്ന സ്റ്റേഷന്‍ കടവ് പാലത്തിന്റെ ഭീമിനടിയില്‍പ്പെട്ടാണ് ബീഹാറുകാരനായ തൊഴിലാളി മരിച്ചത്. രാത്രി എട്ട് മണിയോടെ സ്‌റ്റേഷന്‍ കടവ് ഭാഗത്താണ് അപകടമുണ്ടായത്. പാലത്തിന്റെ ഒരു ഭീമാണ് തകര്‍ന്നുവീണത്. ബീഹാര്‍ ഗായു സ്വദേശി വെര്‍ജു (22) ആണ് മരിച്ചത്. മാള ചെന്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരുടേയും ഒന്നരമണിക്കൂര്‍ പരിശ്രമത്തിലൂടെയാണ് മൃതദേഹം പുറത്തെടുത്തത്. ഏഴ് മണിയോടെ ഉണ്ടായ ശക്തമായ മഴയും കാറ്റും മൂലം വൈദ്യുതി തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തിന് താമസം വരുത്തി. മൂന്നടി വീതിയും പന്ത്രണ്ടടിയോളം നീളമുള്ള ഭീമാണ് വീണത്. ഈ ഭീമിനടിയില്‍ നിന്നും മണല്‍ മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ട വെര്‍ജു ജോലിക്കായെത്തിയിട്ട് ഒരുമാസമേ ആയിട്ടുള്ളു. ഇയാളുടെ സഹോദരന്‍ പ്രദീപ് സ്ഥലത്തുണ്ട്. വെര്‍ജുവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. സംഭവം നടന്നിട്ടും യഥാസമയത്ത് പൊലിസ് എത്താതിരുന്നത് നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഭീമിനടിയില്‍ ആള്‍ കുടുങ്ങിയതായി സംശയം പ്രകടിപ്പിച്ചപ്പോള്‍ പൊലിസ് അത് നിരസിച്ച് നാട്ടുകാരെ വിരട്ടി ഓടിക്കാനാണു ശ്രമിച്ചത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.