06:50 pm 22/10/2016
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ വിശദമായ പരിശോധന. ജയില്‍ സൂപ്രണ്ട് അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിസാം കഴിയുന്ന പത്താം ബ്ലോക്കില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ജയിലില്‍ വെച്ച് നിസാം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന ആരോപണം തെറ്റാണെന്നാണ് ജയിലധികൃതരുടെ വാദം. അതീവ സുരക്ഷയും നിരീക്ഷണവുമുള്ള പത്താംബ്ലോക്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
മാത്രമല്ല ബ്ലോക്കില്‍ തടവുകാര്‍ക്കായി ലാന്‍ഡ് ഫോണുകള്‍ ഉള്ളപ്പോള്‍ നിസാം എന്തിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണം എന്ന ചോദ്യവും ജയിലധികൃതര്‍ ഉയര്‍ത്തുന്നു. ജയില്‍ സൂപ്രണ്ട് ഇക്കാര്യം രേഖാമൂലം ഡി.ജി.പിയെ അറിയിക്കും. നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയില്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് തേടിയിരുന്നു. ജയില്‍ മേധാവി അനില്‍കാന്തിനോടാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.