പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദു:ഖറോനോ പെരുന്നാള്‍ സമാപിച്ചു

09:50am
15/2/2016
dukronoperunal_pic7

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 84-മത് ദു:ഖറോനോ പെരുന്നാള്‍ ഫെബ്രുവരി 6,7 (ശനി, ഞായര്‍) തീയതികളില്‍ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ ഷിക്കാഗോയിലുള്ള സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ് മേരീസ്, സെന്റ് മേരീസ് ക്‌നാനായ എന്നീ സുറിയാനി ഇടവകകള്‍ ഒരുമിച്ച് സെന്റ് മേരീസ് സുറിയാനി പള്ളിയില്‍ വച്ച് വളരെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊണ്ടാടി.

കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോര്‍ തിമോത്തിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും വന്ദ്യ സക്കറിയ കോര്‍എപ്പിസ്‌കോപ്പ തേലാപ്പിള്ളില്‍, റവ.ഫാ. തോമസ് മേപ്പുറത്ത്, റവ.ഫാ. മാത്യു കരുത്തലയ്ക്കല്‍, റവ.ഫാ. ലിജു പോള്‍, റവ.ഫാ. തോമസ് നെടിയവിള എന്നീ വൈദീകശ്രേഷ്ഠരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിച്ചു. റവ.ഡീ. അനീഷ് തേലാപ്പിള്ളില്‍, റവ.ഡീ. ജെയ്ക് പട്ടരുമഠത്തില്‍ എന്നീ ശെമ്മാശ•ാര്‍ വി. കുര്‍ബാനയില്‍ സഹായിച്ചു. കുര്‍ബാന മധ്യേ പരിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹം തേടി ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയെ അനുഗ്രഹിച്ച് അഭിവന്ദ്യ തിരുമേനി പ്രസംഗിച്ചു. പൊതുസമ്മേളനത്തില്‍ വന്ദ്യ വൈദീകരെ കൂടാതെ കമാന്‍ഡര്‍ ഡോ. റോയ് പി. തോമസ്, സ്റ്റാന്‍ലി കളരിക്കമുറി, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്, പെരുന്നാള്‍ കോര്‍ഡിനേറ്റര്‍ മാത്യു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. സുറിയാനി സഭയില്‍ നിന്നും റവ.ഫാ. യാക്കൂബ്, റവ.ഫാ. ഷെര്‍ബല്‍ അവരോടൊപ്പമുണ്ടായിരുന്ന ശെമ്മാശ•ാര്‍ കൂടാതെ ഓര്‍ത്തഡോക്‌സ്, സി.എസ്.ഐ സഭകളില്‍ നിന്നുമുള്ള വൈദീകരുടേയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. തണുപ്പുള്ള കാലാവസ്ഥയായിരുന്നതിനാല്‍ പള്ളിക്കകത്ത് പ്രദക്ഷിണം നടത്തി.

‘അന്ത്യോഖ്യാ വിശ്വാസവും, മലങ്കര സഭയും’ എന്ന വിഷയത്തെ ആസ്പദമാക്കി യുവജനങ്ങള്‍ എഴുതിയ ഉപന്യാസ മത്സരത്തില്‍ ജേതാക്കളായ ഫേബ ജൊബോയി, ഫെബിന്‍ ഓലിക്കര, ചാള്‍സ് ജേക്കബ്, കൃപ വര്‍ഗീസ് എന്നിവര്‍ക്ക് പ്രശംസാഫലകവും ഷോണ്‍ കുര്യാക്കോസിനു സാക്ഷ്യപത്രവും നല്‍കി അനുമോദിച്ചു.