തൃശൂര്‍: പാമോലിന്‍ ഇടപാട് സംബന്ധിച്ച് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. പാമോലിന്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. പാമോലിന്‍ ഇടപാട് സംബന്ധിച്ച ഫയല്‍ നേരത്തേ കണ്ടിട്ടില്ലെന്നും ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
എസ്.പത്മകുമാറും സക്കറിയ മാത്യുവും മന്ത്രിസഭാ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളികളായിട്ടില്ല എന്നും കോടതി കണ്ടെത്തി. കേസിലെ മൂന്നും നാലും പ്രതികളായ ഇവരെ കോടതി കുറ്റവിമുക്തരാക്കി.