പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി

04:50pm 25/5/2016
1464175438_1464175438_Pinarayi_1

തിരുവനന്തപുരം: തലസ്ഥാനം ചെങ്കടലായി മാറിയ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പിണറായി വിജയനെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വലിയ ആരവത്തോടെയാണ് ചടങ്ങിനെത്തിയവര്‍ എതിരേറ്റത്. മുന്‍നിരയിലിരുന്ന പ്രമുഖ കക്ഷി നേതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് പിണറായി സത്യപ്രതിജ്ഞയ്ക്കായി വേദിയില്‍ എത്തിയത്. തുടര്‍ന്ന് നാല് മണിക്കു തന്നെ സത്യ വാചകം ചൊല്ലി. സഗൗരവമായിരുന്നു പ്രതിജ്ഞ ചൊല്ലിയത്. ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി വകുപ്പുകള്‍ ഏറ്റെടുത്ത് ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയായാണ് പിണറായി അധികാരമേറ്റത്.
പിണറായിക്കു ശേഷം സി.പി.ഐയിലെ മുതിര്‍ന്ന നേതാവ് ഇ.ചന്ദ്രശേഖരനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു. കാഞ്ഞങ്ങാട് നിന്നുള്ള ജനപ്രതിനിധിയാണ് 68 കാരനായ ചന്ദ്രശേഖരന്‍. സഗൗരവമായിരുന്നു പ്രതിജ്ഞ. അഡ്വ.മാത്യൂ ടി.തോമസ് ആണ് മന്ത്രിസഭയില്‍ മൂന്നാമതായി അധികാരമേറ്റത്. ദൈവനാമത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. തിരുവല്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനതാദള്‍ (എസ്) അംഗം മാത്യൂ ടി.തോമസിനെ കാത്തിരിക്കുന്ന ജലവിഭവ വകുപ്പാണ്. എന്‍.സി.പി നിയമസഭാ കക്ഷി നേതാവ് എ.കെ ശശീന്ദ്രനായിരുന്നു അടുത്ത ഊഴം. ഗതാഗത വകുപ്പിന്റെ ചുമതല ലഭിച്ച ശശീന്ദ്രന്‍ സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുറമുഖ വകുപ്പിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് (എസ്) നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഊഴമായിരുന്നു അടുത്തത്.
കക്ഷി നേതാക്കള്‍ക്കു ശേഷം സി.പി.എമ്മിലെയും സി.പി.ഐയിലെയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എ.കെ ബാലന്‍(നിയമം, പിന്നാക്കക്ഷേമം, സാംസ്‌കാരികം) , കെ.ടി ജലീല്‍ (തദ്ദേശ സ്വയം ഭരണം), ഇ.പി ജയരാജന്‍( വ്യവസായം, കായികം), കടകംപള്ളി സുരേന്ദ്രന്‍( വൈദ്യുതി, ദേവസ്വം), ജെ.മേഴ്‌സിക്കുട്ടിയമ്മ(ഫിഷറീസ്, പരമ്പരാഗത വ്യവസായം), എ.സി മൊയ്തീന്‍ (സഹകരണം, ടൂറിസം), അഡ്വ.കെ.രാജു (വനം), ടി.പി രാമകൃഷ്ണന്‍(എക്‌സൈസ്, തൊഴില്‍), പ്രൊഫ. സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ ശൈലജ (ആരോഗ്യം, സാമൂഹിക ക്ഷേമം), ജി.സുധാകരന്‍(പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍), വി.എസ് സുനില്‍കുമാര്‍ (കൃഷി), പി.തിലോത്തമന്‍ (ഭക്ഷ്യം, പൊതുവിതരണം), ടി.എം തോമസ് ഐസക് (ധനകാര്യം) എന്നീ ക്രമത്തിലായിരുന്നു സത്യവാചകം ചൊല്ലി അധികാരമേറ്റത്. 4.48 ഓടെ ചടങ്ങുകള്‍ സമാപിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ക്കൊപ്പം ഫോട്ടോയ്ക്കും മന്ത്രിമാര്‍ അണിനിരന്നു.
സത്യവാചകം ചൊല്ലി വേദിയില്‍ നിന്ന് ഇറങ്ങിയ മന്ത്രിമാരെ സ്വീകരിക്കാന്‍ സ്‌റ്റേറ്റ് കാറുകളും തയ്യാറാക്കി നിര്‍ത്തിയിരുന്നു.
മാത്യു ടി.തോമസും കടന്നപ്പള്ളി രാമചന്ദ്രനും കെ.ടി ജലീലും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയടക്കം മറ്റു മന്ത്രിമാരെല്ലാം സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. കമ്മ്യൂണിസ്റ്റ് കോട്ടകളായ മലബാര്‍ ജില്ലകളില്‍ നിന്നുള്ള മന്ത്രിമാരെയും തോമസ് ഐസക്കിനേയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത് വലിയ മുദ്രാവാക്യം വിളികളോടെയാണ് അണികള്‍ സ്വീകരിച്ചത്.
സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന ചായ സത്ക്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ എത്തി ആദ്യ മന്ത്രിസഭ യോഗം ചേരും. നിര്‍ണായക തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.