പിണറായി വിജയന് ഡല്‍ഹിയില്‍ സ്വീകരണം

05:11pm 28/5/2016
download (1)
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഡല്‍ഹിയിലെത്തിയ പിണറായി വിജയന് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പിണറായി വിജയനെ സ്വീകരിച്ചത്. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും പിണറായിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗം എം.എ ബേബി എന്നിവരും പിണറായിക്കൊപ്പമുണ്ട്.
വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം പിണറായിയും മറ്റു നേതാക്കളും കേരള ഹൗസിലേക്ക് പോയി. കേരള ഹൗസില്‍ പിണറായിക്ക് പൗരസ്വീകരണവും ഒരുക്കിയിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി, ധനമന്ത്രി തുടങ്ങിയവരുമായി പിണറായി വിജയന്‍ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.